ഹാലിഫാക്സിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി ഡാറ്റ. നശീകരണ പ്രവർത്തനങ്ങൾ, ആക്രമണങ്ങൾ, ഭീഷണികൾ എന്നിവ വർദ്ധിച്ചുവരുന്നതായാണ് പൊലീസ് അറിയിച്ചത്. വിദ്വേഷ കുറ്റകൃത്യങ്ങൾ അടിയന്തരമായി ശ്രദ്ധപതിപ്പിക്കേണ്ടൊരു വിഷയമായി 2022ൽ തന്നെ അധികൃതർ തിരിച്ചറിഞ്ഞിരുന്നു. ഇത് നേരിട്ട് ബാധിക്കുന്ന സമൂഹങ്ങളുമായി ഹാലിഫാക്സ് റീജിയണൽ പൊലീസും (HRP) RCMP യും സഹകരിച്ച് പ്രവർത്തിക്കുന്നുമുണ്ട്.
കറുത്ത വർണ്ണക്കാരായ ആളുകൾ, കുടിയേറ്റക്കാർ, 2SLGBTQIA+ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ എന്നിവരാണ് ഇത്തരം അക്രമങ്ങൾക്ക് സാധാരണയായി കൂടുതൽ ഇരയാകുന്നത്. പലപ്പോഴും ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നവർ പരാതിപ്പെടാറില്ലെന്ന് പൊലീസ് പറയുന്നു. ആളുകൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് ഹാലിഫാക്സ് പൊലീസ് മേധാവി ഡോൺ മക്ലീൻ പറയുന്നു. 2014-ൽ മുനിസിപ്പാലിറ്റിയിൽ ഏഴ് വിദ്വേഷ കുറ്റകൃത്യങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ 2023-ൽ ഇത് 121 ആയി ഉയർന്നുവെന്ന് അധികൃതർ പറയുന്നു. ഇതേ തുടർന്ന് പൊലീസ് ബോധവല്ക്കരണ ശ്രമങ്ങളടക്കം തുടങ്ങിയിട്ടുണ്ട്.