അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ കാരണം കാനഡയില്‍ ഗ്രോസറി വിലകള്‍ ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ലോബ്‌ലോ കമ്പനീസ് ലിമിറ്റഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആയിരക്കണക്കിന് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുമെന്നാണ് ലോബ്ലോ റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തിടെ, കനേഡിയന്‍ സര്‍ക്കാര്‍ ചില യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവയില്‍ ആറ് മാസത്തെ ഇളവ് പ്രഖ്യാപിച്ചിരുന്നു. കാനഡയില്‍ വസ്തുക്കളുടെ നിര്‍മാണത്തിന് അവസാനഘട്ടത്തില്‍ ഉപയോഗിക്കുന്ന അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ പ്രഖ്യാപനം പരോക്ഷ താരിഫ് ഒഴിവാക്കുന്നുവെന്ന് ലോബ്ലോ പറഞ്ഞു.
മെയ്ഡ് ഇന്‍ കാനഡ ഉല്‍പ്പന്നങ്ങളില്‍ ഇറക്കുമതി ചെയ്ത ചേരുവകളുടെ വ്യാപകമായ ഉപയോഗം കണക്കിലെടുക്കുമ്പോള്‍ പരോക്ഷ താരിഫുകള്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് പറയുന്നു. ഈ മാറ്റത്തോടെ, അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അന്തിമ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ തീരുവ ബാധകമാകൂ. എങ്കിലും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അരി, പാസ്ത, പാലുല്‍പ്പന്നങ്ങള്‍, കാപ്പി എന്നിവയുള്‍പ്പെടെ ആയിരക്കണക്കിന് വ്യത്യസ്ത ഇനങ്ങള്‍ക്കും സോപ്പ്, ഷാംപൂ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ പോലുള്ള ഹെല്‍ത്ത്, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ബാധകമാണ്. താരിഫുകളുള്ള മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും യുഎസ് ഇതര ബദല്‍ ഓപ്ഷനുകള്‍ ലഭ്യമാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.