കാനഡയിൽ തൊഴിലില്ലായ്മ ഈ വർഷം ഏഴ് ശതമാനം കവിയുമെന്ന് ഒഇസിഡി റിപ്പോർട്ട്

By: 600110 On: May 28, 2025, 12:42 PM

 

കാനഡയിൽ തൊഴിലില്ലായ്മ ഈ വർഷം ഏഴ് ശതമാനം കവിയുമെന്ന് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. എങ്കിലും ഈ വർഷം കനേഡിയൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടേക്കും. പക്ഷേ വ്യാപാര യുദ്ധം വളർച്ചയെയും തൊഴിൽ വിപണിയെയും  ബാധിക്കുമെന്നും ഒഇസിഡി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ജിഡിപി, ബിസിനസ് മേഖലയിലെ ഉൽപ്പാദനക്ഷമത തുടങ്ങിയവയിൽ ഇതിനകം തന്നെ നേരിയ തോതിലുള്ള മാന്ദ്യം ദൃശ്യമാണെന്ന് ഒഇസിഡി റിപ്പോർട്ടിലുണ്ട്. കാനഡയുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വെല്ലുവിളികൾ യുഎസ് വ്യാപാര യുദ്ധവും താരിഫ് ആഘാതവുമാണ്.  കാനഡയുടെ മൊത്തത്തിലുള്ള ജിഡിപിയെ വ്യാപാരയുദ്ധം ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്.  തൊഴിലില്ലായ്മ ഈ വർഷം 7.1 ശതമാനത്തിലേക്കും 2026ടെ 7.3 ശതമാനത്തിലേക്കും ഉയരും. കഴിഞ്ഞ മാസം പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 6.9 ശതമാനമാണ് നിലവിൽ തൊഴിലില്ലായ്മ.

ഈ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ വളർച്ചാ നിരക്ക് ഒരു ശതമാനം ആയിരിക്കുമെന്ന് ഒഇസിഡി പറയുന്നു. . മൂന്നും നാലും പാദങ്ങളിൽ ഇത് പൂജ്യമോ അതിൽ താഴെയോ ആയേക്കുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാലും സാമ്പത്തിക മാന്ദ്യം ഒഴിവാക്കാൻ നേരിയ സാധ്യത ഇപ്പോഴും ബാക്കിയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സർക്കാരിൻ്റെ ഇടപെടലുകൾ ആയിരിക്കും ഇക്കാര്യത്തിൽ നിർണ്ണായകമാവുക. പ്രവിശ്യകൾക്കിടയിലുള്ള വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുന്നതടക്കമുള്ള നടപടികൾക്കാണ് സർക്കാർ മുൻഗണന നല്കേണ്ടതെന്നും വിദഗ്ധർ പറയുന്നു.