കാനഡയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ക്ഷാമത്തില്‍ നിരാശ പങ്കുവെച്ച് എയര്‍ കാനഡ പൈലറ്റ് രംഗത്ത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ക്ഷാമം മൂലം രാജ്യത്തെ വിമാനത്താവളങ്ങളില്‍ തുടരുന്ന കാലതാമസം പരിഹരിക്കാന്‍ എംപിമാര്‍ക്ക് കത്തെഴുതാന്‍ യാത്രക്കാരോട് പൈലറ്റ് ആവശ്യപ്പെട്ടു.
ശനിയാഴ്ച വാന്‍കുവര്‍-മോണ്‍ട്രിയല്‍ വിമാനത്തിലെ പൈലറ്റ് വിമാനം 50 മിനിറ്റ് വൈകിയതായി അറിയിച്ചിരുന്നു. സ്വകാര്യ കമ്പനിയായ നേവ് കാനഡ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ മേഖലയില്‍ ജീവനക്കാരുടെ കുറവുണ്ടെന്നും സിക്ക് കോളുകള്‍ വന്നതിനാല്‍ ആ ദിവസം വിമാനത്താവളത്തില്‍ ഗതാഗത തടസ്സം ഉണ്ടായെന്നും പൈലറ്റ് സന്ദേശത്തില്‍ പറയുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ കുറവ് കമ്പനിക്ക് വന്‍ സാമ്പത്തിക ചെലവാണ് വരുത്തിവെക്കുന്നത്. കൂടാതെ, വിമാനങ്ങള്‍ വൈകുമ്പോള്‍ യാത്രക്കാര്‍ നിരാശരാകുന്നു. ജോലിയിലും കൃത്യനിഷ്ട പാലിക്കാന്‍ കഴിയാതെ വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഓവര്‍ടൈം ചെയ്യുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി നേവ് കാനഡ പുതിയ ട്രെയിനികളുടെ എണ്ണം കുറച്ചതായി പൈലറ്റ് ആരോപിക്കുന്നു. ജനപ്രതിനിധികള്‍ക്ക് മുന്നില്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ പൈലറ്റ് ആവശ്യപ്പെടുകയും ചെയ്തു.
നേവ് കാനഡയിലെ നിയന്ത്രണങ്ങള്‍ വാന്‍കുവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ(YYR) എയര്‍ലൈന്‍ ഷെഡ്യൂളുകളെ ആഴ്ചകളായി ബാധിച്ചിട്ടുണ്ടെന്ന് എയര്‍ കാനഡ വക്താവ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.