ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ള നഗരങ്ങളുടെ പട്ടികയില്‍ കാല്‍ഗറി ഇടം നേടിയില്ലെങ്കിലും കാനഡയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്തിന്റെ കേന്ദ്രമെന്ന ഖ്യാതി കാല്‍ഗറി നേടിയിരിക്കുകയാണ്. ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. കോടീശ്വരന്മാരുടെ എണ്ണം, സെന്റി-മില്യണയര്‍, ബില്യണയര്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 2014 നും 2024 നും ഇടയിലുള്ള കോടീശ്വരന്മാരുടെ വളര്‍ച്ചയും ഇത് കാണിക്കുന്നു.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക കേന്ദ്രമായി കാല്‍ഗറി മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതല്‍ 2024 വരെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 55 ശതമാനം വളര്‍ച്ചയാണ് കാല്‍ഗറിയില്‍ രേഖപ്പെടുത്തിയത്. കാല്‍ഗറിയില്‍ 12,500 മില്യണയര്‍മാരും, 26 സെന്റി-മില്യണയര്‍മാരും നാല് ബില്യണയര്‍മാരുമാണുള്ളത്.
പട്ടികയില്‍ കാല്‍ഗറിക്ക് പിന്നാലെ 52 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി വാന്‍കുവറാണ് സ്ഥാനം നേടിയത്. കോടീശ്വരന്മാരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്ത്. 384,500 പേരുണ്ട്. തൊട്ടുപിന്നാലെ 342,400 പേരുമായി ബേ ഏരിയയും 292,300 പേരുമായി ടോക്കിയോ മൂന്നാം സ്ഥാനത്തുമാണ്.