ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികൾക്ക് മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടം; ക്ലാസ് കട്ട് ചെയ്താലും നടപടി

By: 600007 On: May 27, 2025, 5:26 PM

 

 

വാഷിംഗ്ടൺ: കൂട്ടനാടുകടത്തലുകൾക്കിടെയിൽ ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകൾ ഒഴിവാക്കുകയോ, അല്ലെങ്കിൽ സ്കൂളിനെ അറിയിക്കാതെ പഠന പരിപാടിയിൽ നിന്ന് പിന്മാറുകയോ ചെയ്താൽ സ്റ്റുഡന്‍റ് വിസ റദ്ദാക്കപ്പെടാം. കൂടാതെ ഭാവിയിൽ യുഎസ് വിസകൾക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. എന്തെങ്കിലും പ്രശ്നങ്ങൾ ഒഴിവാക്കാൻ വിസ നിബന്ധനകൾ എപ്പോഴും പാലിക്കുകയും വിദ്യാർത്ഥി പദവി നിലനിർത്തുകയും ചെയ്യണമെന്ന് ഇന്ത്യയിലെ യുഎസ് എംബസി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

മുൻകൂർ അറിയിപ്പ് കൂടാതെ വിസകൾ റദ്ദാക്കിക്കൊണ്ട് വിദേശ വിദ്യാർത്ഥികൾക്കെതിരായ നടപടികൾ യുഎസ് സർക്കാർ ശക്തമാക്കിയിട്ടുണ്ട്. പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ മുതൽ ട്രാഫിക് നിയമലംഘനങ്ങൾ വരെ ഓരോ കേസിലും കാരണങ്ങൾ വ്യത്യസ്തമാണ്. ഇത് പലപ്പോഴും വിദ്യാർത്ഥികളെ നിയമപരമായ പ്രതിസന്ധിയിലേക്കും വലിയ ആശയക്കുഴപ്പത്തിലേക്കും തള്ളിവിട്ട അവസ്ഥയാണ്.

പല കേസുകളിലും വിദ്യാർത്ഥികളുടെ രേഖകൾ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി പരിപാലിക്കുന്ന, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിവരങ്ങൾ ട്രാക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും ഉപയോഗിക്കുന്ന വെബ് അധിഷ്ഠിത പ്ലാറ്റ്‌ഫോമായ സെവിസ് സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത് വിദ്യാർത്ഥികളോ സർവകലാശാലകളോ അറിയുന്നില്ല. ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) നിർത്തലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ പദ്ധതിയെക്കുറിച്ചും ഇന്ത്യൻ വിദ്യാർത്ഥികളും മറ്റ് വിദേശ വിദ്യാർത്ഥികളും ആശങ്കയിലാണ്. ബിരുദം നേടിയ ശേഷം യുഎസിൽ ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഒ പി ടി പ്രോഗ്രാം അവസാനിപ്പിക്കുന്നതിനായി 'ഫെയർനസ് ഫോർ ഹൈ-സ്കിൽഡ് അമേരിക്കൻസ് ആക്റ്റ് ഓഫ് 2025' എന്ന ബിൽ യുഎസ് നിയമനിർമ്മാതാക്കൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.