സ്ഥിരമായി വാങ്ങുന്ന സാധനത്തിന്റെ ബാർകോഡ് കയ്യിൽ ടാറ്റു ചെയ്ത് കടയിൽ നിന്നും സാധനം വാങ്ങി യുവതി. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ഒരു സ്വിറ്റ്സർലൻഡ് വനിതയുടെ ഈ ഷോപ്പിംഗ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
റെഡ് ബുൾ എനർജി ഡ്രിങ്കിൻ്റെ ബാർകോഡ് ആണ് ഇവർ ടാറ്റൂവായി കയ്യിൽ പതിപ്പിച്ചിരുന്നത്. ഈ ബാർകോഡ് സെൽഫ് ചെക്ക്ഔട്ട് മെഷീനിൽ വിജയകരമായി സ്കാൻ ചെയ്ത് പണം നൽകി സാധനം വാങ്ങിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനിൽ വ്യാപകമായി ശ്രദ്ധ നേടുന്നത്.
എനർജി ഡ്രിങ്കായ റെഡ് ബുളിന്റെ ക്യുആര്‍ കോഡ് കൈത്തണ്ടയിൽ പച്ചകുത്താനായി 600 ഡോളറാണ് ഇവർ ചെലവഴിച്ചത്. അതായത്, ഇന്ത്യൻ കറൻസിയിൽ ഏകദേശം അമ്പത്തിയൊന്നായിരം രൂപ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ടാറ്റൂവിന്റെ പ്രവർത്തനരീതി കാണിക്കുന്ന വീഡിയോ 19 മില്ല്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു.
ഇൻസ്റ്റഗ്രാമിൽ @mycringe.s–t എന്ന യൂസറാണ് ഇത്തരത്തിൽ ഒരു വേറിട്ട പരീക്ഷണം സ്വന്തം ശരീരത്തിൽ നടത്തിയതിന്റെ വീഡിയോ ഷെയർ ചെയ്തത്. കടയിൽ നിന്നും സ്ഥിരമായി വാങ്ങുന്ന ഏതെങ്കിലും ഒരു സാധനത്തിന്റെ ക്യു ആർ കോഡ് കയ്യിൽ ടാറ്റൂ ചെയ്യണമെന്നുള്ളത് തന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നു എന്നാണ് യുവതി പറയുന്നത്. ബ്രോക്കോളി പോലുള്ള ഏതെങ്കിലും സാധനത്തിന്റെ ക്യു ആർ കോഡ് സ്കാൻ ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് റെഡ്ബുൾ തിരഞ്ഞെടുക്കുകയായിരുന്നു എന്നും ഇവർ പറയുന്നു.
ക്യു ആർ കോഡ് കയ്യിൽ ടാറ്റൂ ചെയ്യുമ്പോൾ ഇത് പ്രവർത്തിച്ചു കൊള്ളണമെന്ന് ഒരു നിർബന്ധവുമില്ല എന്ന് ടാറ്റൂ ആർട്ടിസ്റ്റ് തന്നോട് പറഞ്ഞതായാണ് ഇവർ പറയുന്നത്. എന്നാൽ, സ്കാനിംഗ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതോടെ താൻ സന്തോഷവതിയായി എന്നും ഇവർ കൂട്ടിച്ചേർത്തു. ക്യു ആർ കോഡിന് അരികിൽ ഒരു പുഴുവിന്റെ ചിത്രവും ഇവർ ടാറ്റൂ ചെയ്തിട്ടുണ്ട്.