ഇക്വിഫാക്സിൻ്റെ പുതിയ ക്രെഡിറ്റ് സ്കോർ നിയമത്തിൽ വലഞ്ഞ് ഉപഭോക്താക്കൾ

By: 600110 On: May 27, 2025, 3:00 PM

കാനഡയിൽ ഇക്വിഫാക്സ് പലരുടെയും ക്രഡിറ്റ് സ്കോർ കുറച്ചു എന്ന് റിപ്പോർട്ട്.   ഇക്വിഫാക്സിൻ്റെ  അധികമാർക്കും  അറിയാത്ത ഒരു നയം കാരണമാണ് പലർക്കും ക്രെഡിറ്റ് സ്കോർ കുറഞ്ഞത്.  ഇതോടെ പലർക്കും  കാർ ലോൺ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങി എല്ലാം നിഷേധിക്കപ്പെട്ടു. ഇതേ തുടർന്ന് ഇക്വിഫാക്സ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ്  മുന്നറിയിപ്പോ വിശദീകരണമോ ഇല്ലാതെ സ്കോർ പൂജ്യമായതായി കാണുന്നത്.  

ഇക്വിഫാക്സിനോട് പരാതി അറിയിച്ചെങ്കിലും, പലർക്കും പരിഹാരം ലഭിച്ചില്ല. സഹായത്തിനായി ഫെഡറൽ സർക്കാരിനെയും, പ്രവിശ്യാ മേൽനോട്ട സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ലെന്ന് പലരും പറയുന്നു. പിന്നാലെയാണ് നയം വിശദീകരിച്ച് ഇക്വിഫാക്സ് രംഗത്തെത്തിയത്. ഒരു ക്രെഡിറ്റ് ഫയൽ നിഷ്‌ക്രിയമായി കിടക്കുകയാണെങ്കിൽ, ആ ഉപഭോക്താവിനെ "സ്കോർ ചെയ്യാൻ കഴിയാത്തത്" എന്ന് ലേബൽ ചെയ്യുകയും അവരുടെ സ്കോർ പൂജ്യത്തിലേക്ക് താഴും എന്നതുമാണ് വിശദീകരണം. എന്നാൽ  കാനഡയിലെ മറ്റൊരു പ്രധാന ക്രെഡിറ്റ് ബ്യൂറോയായ ട്രാൻസ് യൂണിയൻ, ക്രെഡിറ്റ് സ്കോറുകൾ പുനഃക്രമീകരിക്കുന്നില്ലെന്ന് അറിയിച്ചു. ക്രെഡിറ്റ് സ്കോർ എന്നത് സാധാരണയായി 300 മുതൽ 900 വരെയുള്ള ഒരു സംഖ്യയാണ്. ഒരാൾ കടം തിരിച്ചടയ്ക്കാൻ എത്രത്തോളം സാധ്യതയുണ്ടെന്ന്  വായ്പ നൽകുന്നവർക്ക് മനസ്സിലാകാണ് ക്രെഡിറ്റ് സ്കോർ ഉപയോഗിക്കുന്നത്.