വിമാന യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി തുർക്കി, പാലിക്കാത്തവർക്ക് പിഴയുൾപ്പടെ ശിക്ഷ

By: 600110 On: May 27, 2025, 2:50 PM

വിമാന യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി തുർക്കി. ഇത് പാലിക്കാത്തവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. ഇതനുസരിച്ച് സീറ്റ് ബെൽറ്റ് ലൈറ്റ് ഓഫാകുമ്പോൾ തന്നെ ധൃതിയിൽ ബാഗുകൾ എടുത്ത് പുറത്ത് ഇറങ്ങാൻ ഒരുങ്ങുന്നവർ ഇനി പിഴയുൾപ്പടെ നല്കേണ്ടി വരും.

തുർക്കിയിൽ വിമാനം ഇറങ്ങുമ്പോൾ ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നാണ് പറഞ്ഞു വരുന്നത്. സീറ്റ് ബെൽറ്റ് ലൈറ്റ് ഓഫാകുമ്പോൾ തന്നെ സീറ്റിന് മുകളിൽ നിന്ന് ബാഗുകൾ എടുക്കാൻ നിൽക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയാണ് തുർക്കി.  മെയ് രണ്ട് മുതൽ ഇത്  പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.  വിമാനം ടാക്സിയിംഗ് പൂർത്തിയാക്കുന്നതിന് മുൻപും, സീറ്റ് ബെൽറ്റ് മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും എഴുന്നേൽക്കുന്ന യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ടാണ്  രാജ്യത്തെ ഗതാഗത മന്ത്രാലയം പുതിയ നിയന്ത്രണം കൊണ്ടുവന്നത്.  യാത്രക്കാർ ഈ വിധം പെരുമാറുന്നത്  യാത്രക്കാരുടെയും ബാഗേജുകളുടെയും സുരക്ഷ അപകടത്തിലാക്കുകയും മറ്റ് യാത്രക്കാരുടെ എക്സിറ്റ് മുൻഗണന  അവഗണിക്കുകയും ചെയ്യുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ കെമാൽ യൂസെക് പറഞ്ഞു. പിഴ ഈടാക്കുന്നത് വിമാനക്കമ്പനിയല്ല. മറിച്ച് തുർക്കി സർക്കാരാണ്.