കാനഡയിലെ ഗതാഗത നിയമലംഘനങ്ങൾ നിങ്ങളുടെ അമേരിക്കൻ യാത്രയെ ബാധിച്ചേക്കാമെന്ന് വിദഗ്ധർ

By: 600110 On: May 27, 2025, 2:31 PM

 

അമേരിക്കയിലേക്ക്  ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം എന്ന് വിദഗ്ദ്ധർ. കാനഡയിലെ ഗതാഗത നിയമലംഘനങ്ങൾ പലതും യു എസിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയേക്കാം. എന്നാൽ എല്ലാ ഡ്രൈവിംഗ് നിയമലംഘനങ്ങളും പ്രശ്നമായേക്കില്ല. പക്ഷെ ചില ഗുരുതരമായ ഡ്രൈവിംഗ് കുറ്റകൃത്യങ്ങൾ നിങ്ങളുടെ യാത്രാ പദ്ധതികളെ പൂർണ്ണമായും തടസ്സപ്പെടുത്തിയേക്കാം.

യുഎസ് ഇമിഗ്രേഷൻ, ഈ കുറ്റകൃത്യങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്  നിങ്ങളുടെ യുഎസ് യാത്രയെ ബാധിക്കുക.  യുഎസിൽ പ്രവേശിക്കാനുള്ള ഒരു കനേഡിയൻ പൗരൻ്റെ യോഗ്യതയെ ബാധിച്ചേക്കാവുന്ന നിരവധി ട്രാഫിക് ലംഘനങ്ങളുണ്ട്. ഈ ലംഘനങ്ങൾ ഗുരുതരമായ സദാചാര കുറ്റകൃത്യങ്ങളോ (CIMT), മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോ ആണോ എന്നാണ് പ്രധാനമായും പരിശോധിക്കുക. നിങ്ങൾ അശ്രദ്ധയോടെ വാഹനമോടിച്ച് ഒരാൾക്ക് പരിക്കേൽക്കുകയോ, കൊല്ലപ്പെടുകയോ ചെയ്താൽ, നിങ്ങൾ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ യുഎസ് അതിർത്തി ഉദ്യോഗസ്ഥർ എക്സിറ്റ് ചിഹ്നം കാണിക്കും. ഓരോ കേസിനെയും ആശ്രയിച്ചായിരിക്കും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുക. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് കാനഡയിൽ ട്രാഫിക് ലംഘനം മാത്രമാണ്. ഒരു ക്രിമിനൽ കുറ്റകൃത്യമല്ല. അതിനാൽ ചെറിയ ട്രാഫിക് ലംഘനങ്ങൾ നിങ്ങളുടെ യുഎസ് പ്രവേശനത്തെ ബാധിക്കില്ല, പ്രത്യേകിച്ചും ഹ്രസ്വ സന്ദർശനങ്ങൾക്ക്. എന്നാൽ ആർക്കെങ്കിലും പരിക്കേല്ക്കുകയോ കൊല്ലപെടുകയോ ചെയ്തൊരു ഒരു അപകട സ്ഥലത്ത് നിർത്താതെ വാഹനം ഓടിച്ച് പോകുന്നത് നിങ്ങളുടെ യുഎസ് യാത്രാ പദ്ധതികളെ ബാധിച്ചേക്കാം. കാരണം അതിർത്തിയിലെ ഉദ്യോഗസ്ഥർ ഇതൊരു വലിയ കുറ്റമായാണ് കാണുന്നത്.