പ്രായത്തിന് അനുയോജ്യമായ പുസ്തകങ്ങള്‍ മാത്രമേ സ്‌കൂള്‍ ലൈബ്രറികളില്‍ ലഭ്യമാക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ ആല്‍ബെര്‍ട്ടയില്‍ പുതിയ നിയമം അവതരിപ്പിക്കുന്നു. ഈ ഫാള്‍ സീസണില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഡ്മന്റണിലെയും കാല്‍ഗറിയിലെയും പൊതുവിദ്യാലയങ്ങളില്‍ ലൈംഗികത, എല്‍ജിബിടിക്യു+ ഉള്ളടക്കം എന്നിവ ചിത്രീകരിക്കുന്ന നാല് ഗ്രാഫിക്-കമിംഗ്-ഓഫ്-ഏജ് നോവലുകള്‍ പ്രചാരത്തിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോലൈഡ്‌സ് പറഞ്ഞു.
അമേരിക്കന്‍ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ലൈബ്രറിയിലുണ്ടായിരുന്നത്. ഇത്തരം നോവലുകളെക്കുറിച്ച് മാതാപിതാക്കള്‍ തന്നോട് ആശങ്ക പങ്കുവെച്ചിരുന്നുവെന്ന് നിക്കോലൈഡ്‌സ് പറയുന്നു. പുസ്തകങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ സ്‌കൂളുകളിലേക്ക് അയച്ചിരുന്നു. തുടര്‍ന്നാണ് അശ്ലീല ഉള്ളടക്കങ്ങളുള്ള നോവലുകള്‍ കണ്ടെത്തിയത്. നോവലുകള്‍ കുട്ടികളുടെ വിദ്യാഭ്യാസ, വ്യക്തി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ലൈംഗിക പീഡനം, സ്വയം ഉപദ്രവിക്കല്‍, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം, അശ്ലീല ഭാഷ തുടങ്ങിയവയെക്കുറിച്ചും ആശങ്കയുണ്ടെന്ന് മാതാപിതാക്കള്‍ അറിയിച്ചതായി കൂട്ടിച്ചേര്‍ത്തു.
ലൈബ്രറി സാമഗ്രികളുടെ അനുയോജ്യത നിര്‍ണയിക്കുന്നതായി സ്‌കൂള്‍ ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കാര്‍ പുതിയ മാനദണ്ഡങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നിക്കോലൈഡ്‌സ് പറഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തേക്ക് പുതിയ നിയമങ്ങള്‍ യഥാസമയം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.