കാനഡയുടെ രാജകീയ പൈതൃകത്തെ അനുകൂലിക്കുന്നവരുടെ എണ്ണത്തിൽ വർധനയെന്ന് സർവ്വെ

By: 600110 On: May 27, 2025, 11:57 AM

കാനഡയുടെ പാർലമെൻ്റ് സമ്മേളനം ചൊവ്വാഴ്ച ചാൾസ് മൂന്നാമൻ രാജാവ് ഉദ്ഘാടനം ചെയ്യാനിരിക്കെ പുതിയൊരു സർവ്വെ ഫലം പുറത്ത്. കാനഡയിൽ രാജകീയ പൈതൃകത്തിൻ്റെ പുനരുജ്ജീവനമാണ് നടക്കുന്നതെന്ന് പുതിയ ഇപ്‌സോസ് പോൾ വ്യക്തമാക്കുന്നു. കൂടുതൽ കനേഡിയൻ പൌരന്മാർ രാജവാഴ്ചയെ ദേശീയ സ്വത്വത്തിൻ്റെ ഭാഗമായി കാണുന്നു എന്നാണ് സർവ്വെ . ഇത് അമേരിക്കയിൽ നിന്ന് കാനഡയെ വേർതിരിച്ച് നിർത്തുന്ന ഘടകമാണെന്നും പലരും അഭിപ്രായപ്പെട്ടു.

ഗ്ലോബൽ ന്യൂസിനു വേണ്ടി  ഇപ്‌സോസ് പബ്ലിക് അഫയേഴ്‌സ് ആണ് പോൾ നടത്തിയത്.  ഇതിൽ പ്രതികരിച്ചവരിൽ 66 ശതമാനം പേരും രാജവാഴ്ചയുമായുള്ള കാനഡയുടെ ബന്ധം ഗുണപരമാണെന്ന് വിശ്വസിക്കുന്നു. ഇത്  അമേരിക്കക്കാരിൽ നിന്ന് കാനഡയെ വ്യത്യസ്തരാക്കാൻ സഹായിക്കുന്നുവെന്നും സർവ്വെയിൽ പങ്കെടുത്ത 66 ശതമാനം പേർ അഭിപ്രായപ്പെട്ടു.  2023 ഏപ്രിലിൽ ഇതേ ചിന്താഗതിയുള്ളവർ 54 ശതമാനമായിരുന്നു.  രാജകീയ പൈതൃകത്തെ അനുകൂലിക്കുന്നവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ ഒരു കുതിപ്പ് ആണ് ഉണ്ടായിരിക്കുന്നതെന്ന് പുതിയ സർവ്വെ വ്യക്തമാക്കുന്നു. രാജവാഴ്ചയുമായുള്ള ബന്ധം കാനഡയുടെ പൈതൃകത്തിൻ്റെ ഒരു പ്രധാന ഭാഗമാണെന്നും, നമ്മളെ രൂപപ്പെടുത്തുന്നതിൽ അവ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ടെന്നും പ്രതികരിച്ചവരിൽ അറുപത്തിയഞ്ച് ശതമാനം പേർ പറഞ്ഞു. ചാൾസ് മൂന്നാമൻ രാജാവിൻ്റെ കിരീടധാരണത്തിന്  ശേഷം, രാജവാഴ്ചയോടുള്ള കാനഡയുടെ സമീപനം കൂടുതൽ ഊഷ്മളമായി വരുന്നതായി സർവ്വെ വ്യക്തമാക്കുന്നു. രാജകുടുംബവുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന നിലപാടിനുള്ള പിന്തുണ 2023ന് ശേഷം 12 ശതമാനം കുറഞ്ഞിട്ടുണ്ട്. രാജാവനെക്കുറിച്ചും മികച്ച അഭിപ്രായമാണ് കൂടുതൽ പേർക്കും ഉള്ളത്.