സര്‍വീസ് കാനഡ 800 ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

By: 600002 On: May 27, 2025, 10:40 AM

 

 

ഈ വര്‍ഷം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ സര്‍വീസ് കാനഡ രാജ്യവ്യാപകമായി 800 ഓളം ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡയുടെ(ഐആര്‍സിസി)കണക്കനുസരിച്ച്, 2025 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പാസ്‌പോര്‍ട്ടുകളുടെ എണ്ണം 2024 നും 2025 നും ഇടയിലുള്ള അപേക്ഷകളെ അപേക്ഷിച്ച് ഗണ്യമായി കുറവായിരിക്കും. അതിനാല്‍, അംഗീകൃത ഫണ്ടിംഗ് നിലവാരവുമായി പൊരുത്തപ്പെടുന്നതിന് സര്‍വീസ് കാനഡ 2025 ജൂണ്‍ മുതല്‍ പാസ്‌പോര്‍ട്ട് ജീവനക്കാരുടെ എണ്ണം ക്രമീകരിക്കുമെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡ(ഇഎസ്ഡിസി) പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. 

തല്‍ഫലമായി, പാസ്‌പോര്‍ട്ട് അപേക്ഷയില്‍ കുറവ് വരുത്തുന്നത് ഏകദേശം 800 ടേം ജീവനക്കാരെ ബാധിക്കുമെന്നാണ് പ്രവചനം. എല്ലാ പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും കാനഡ ലൊക്കേഷനുകളില്‍ ജീവനക്കാരെ പിരിച്ചുവിടും. ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനം സര്‍വീസ് കാനഡയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തില്ലെന്ന് ഇഎസ്ഡിസി വ്യക്തമാക്കി. പിരിച്ചുവിടല്‍ ബാധിക്കപ്പെട്ട ജീവനക്കാരെ അറിയിക്കുകയും നേരിട്ട് പിന്തുണ നല്‍കുകയും ചെയ്യുമെന്ന് ഇഎസ്ഡിസി അറിയിച്ചു.