ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശ്വാസം, ഇനി ഒറ്റ ടാപ്പിൽ സ്വിച്ച് ചെയ്യാം

By: 600007 On: May 26, 2025, 4:52 PM

 

 

തിരുവനന്തപുരം: വ്യത്യസ്‍ത ആവശ്യങ്ങള്‍ക്കായി ഒന്നിലധികം ഗൂഗിൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ആളാണോ നിങ്ങൾ? അപ്പോൾ ഗൂഗിളിന്‍റെ അക്കൗണ്ട് സ്വിച്ചർ ഇന്‍റർഫേസിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും. അത് സമയമെടുക്കുന്നതും ചിലപ്പോൾ ബുദ്ധിമുട്ടിക്കുന്നതുമാണ്. അതിനാൽ ഗൂഗിൾ അതിന്‍റെ ആപ്പുകളിൽ ഉടനീളം ഒരു ലളിതമായ അക്കൗണ്ട് സ്വിച്ചർ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നു.

ഈ ഫീച്ചർ നിങ്ങളുടെ സ്‍മാർട്ട്‌ഫോണിൽ വ്യത്യസ്‍ത ഗൂഗിൾ അക്കൗണ്ടുകൾക്കിടയിൽ സ്വിച്ച് ചെയ്യുന്നത് ഇപ്പോൾ എളുപ്പമാക്കി. വ്യത്യസ്‍ത പ്രൊഫൈലുകൾക്കിടയിൽ മാറാൻ കുറച്ച് ടാപ്പുകൾ മാത്രമേ ഇനി ആവശ്യമുള്ളൂ. ഈ വിധത്തിൽ, ഗൂഗിൾ അതിന്‍റെ പല ആപ്പുകളിലും അക്കൗണ്ടുകൾ മാറുന്ന രീതി മാറ്റുകയാണ്. ഒന്നിലധികം ഗൂഗിൾ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക് ഇതൊരു സന്തോഷ വാർത്തയാണ്. ഈ പുത്തന്‍ ഫീച്ചറിനെ കുറിച്ച് വിശദമായി അറിയാം.

പുതിയതും മെച്ചപ്പെടുത്തിയതുമായ ഈ ഫീച്ചർ ഇപ്പോൾ ഗൂഗിൾ ട്രാൻസ്ലേറ്റ് (പതിപ്പ് 9.9.58), വാലറ്റ് (പതിപ്പ് 25.20), ടാസ്‌ക്ക്സ്  (പതിപ്പ് 2025.05.19) എന്നിവയിൽ ലഭ്യമാണ്. ഈ പുതിയ ഡിസൈൻ കമ്പ്യൂട്ടറിൽ കാണുന്നതുപോലെ തന്നെയാണ്. നേരത്തെ ഈ മാറ്റം ഗൂഗിൾ മാപ്പിലും കണ്ടിരുന്നു. കലണ്ടറിലും കീപ്പിലും ഈ ഫീച്ചര്‍ വരുന്നതിന്‍റെ സൂചനകളും ഉണ്ടായിരുന്നു.

മുമ്പ്, പല ഗൂഗിൾ ആപ്പുകളിലും അക്കൗണ്ടുകൾ മാറാൻ ഒന്നിലധികം ഘട്ടങ്ങൾ ആവശ്യമായിരുന്നു. ആദ്യം നിങ്ങളുടെ പ്രൊഫൈലിൽ ടാപ്പ് ചെയ്യുക, തുടർന്ന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് മാനേജ് ചെയ്യുക എന്ന ഓപ്ഷനിലേക്ക് പോകുക. ഇതിനുശേഷം ഉപയോക്താവിന് തന്‍റെ പ്രൊഫൈലിന്‍റെ ലിസ്റ്റ് ലഭിക്കും. എന്നാൽ പുതിയ രൂപകൽപ്പന ഈ പ്രക്രിയയെ കൂടുതൽ ലളിതവും എളുപ്പവുമാക്കുന്നു.

പുതിയ രീതി അനുസരിച്ച് അക്കൗണ്ടുകൾ മാനേജ് ചെയ്യാൻ പോകേണ്ട ആവശ്യം ഇല്ല. പകരം ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ഫോട്ടോയിൽ ഇപ്പോൾ "അക്കൗണ്ട് മാറുക" എന്ന ഡ്രോപ്പ്ഡൗൺ ലഭിക്കും. അതിൽ ഒരിക്കൽ ടാപ്പ് ചെയ്താൽ ഉപയോക്താവിന്‍റെ മറ്റ് ലിങ്ക് ചെയ്‌ത അക്കൗണ്ടുകൾ, പുതിയ അക്കൗണ്ട് ചേർക്കാനുള്ള ഓപ്ഷൻ, ഉപകരണം കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ എന്നിവ കാണിക്കും. ഇവിടെ നിന്ന് ഉപയോക്താവിന് തന്‍റെ മറ്റ് വിവിധ അക്കൗണ്ടുകൾക്കിടയിൽ മാറാൻ കഴിയും.

ഇതൊരു ചെറിയ മാറ്റമാണെങ്കിലും പക്ഷേ വളരെ ഉപയോഗപ്രദമാണ്. പ്രത്യേകിച്ച് ജോലി, വ്യക്തിഗത ഉപയോഗം, മറ്റ് പ്രോജക്ടുകൾ എന്നിവയ്ക്കായി വ്യത്യസ്‍ത അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്ക്. ഇത്തരക്കാർക്ക് ഇനി ഗൂഗിൾ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാകും. ഗൂഗിളിന്‍റെ എല്ലാ ആപ്പുകളിലും ഈ മാറ്റം ഇതുവരെ വന്നിട്ടില്ല. നിലവിൽ, ഗൂഗിൾ ഡോക്‌സ്, ഗൂഗിൾ മാപ്‌സ്, ഐഫോണിലെ ഡ്രൈവ് എന്നിവയിൽ പുതിയ അക്കൗണ്ട് സ്വിച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. മറ്റ് ആപ്പുകളിലും ഈ ഫീച്ചർ വരുമെന്ന് പ്രതീക്ഷിക്കുന്നു.