കാനഡയിൽ നിന്ന് വേർപിരിയാനുള്ള ആൽബർട്ടയുടെ നീക്കത്തെക്കുറിച്ച് പകുതിയിലധികം കനേഡിയൻ പൌരന്മാർക്കും ധാരണയുണ്ടെന്ന് സർവ്വെ

By: 600110 On: May 26, 2025, 4:23 PM

ആൽബെർട്ട കാനഡയിൽ നിന്ന് വേർപിരിയാൻ ആഗ്രഹിക്കുന്നതിൻ്റെ കാരണം, പകുതിയിലധികം കനേഡിയൻമാരും മനസ്സിലാക്കിയിട്ടുണ്ടെന്ന് ഒരു പുതിയ സർവ്വെ പറയുന്നു. അതേ സമയം കാനഡക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും ആൽബർട്ടയുടെ വേർപിരിയൽ സംഭവിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. 

മെയ് 16 നും 18 നും ഇടയിൽ ആണ് സർവ്വെ നടത്തിയത്.  1,537 കനേഡിയക്കാരിൽ നടത്തിയ ലെഗർ സർവേയിൽ 55 ശതമാനം കനേഡിയൻ പൌരന്മാർക്കും ആൽബെർട്ടൻസിൻ്റെ സ്വാതന്ത്ര്യ മോഹം മനസ്സിലായിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. വോട്ടെടുപ്പ് ഓൺലൈനായാണ്  നടത്തിയത്. ആൽബെർട്ട വിഘടനവാദത്തിന് പിന്നിലെ കാരണം എന്താണെന്ന് 63 ശതമാനം പുരുഷന്മാരും മനസ്സിലാക്കുന്നുണ്ടെന്ന് സർവേ സൂചിപ്പിക്കുന്നു. 48 ശതമാനം സ്ത്രീകളും ആൽബർട്ടൻസിൻ്റെ വികാരം ഉൾക്കൊണ്ടതായി സർവ്വെയിലുണ്ട്. കൺസർവേറ്റീവ് വോട്ടർമാരിൽ 77 ശതമാനം പേരും വിഘടനവാദ നീക്കത്തിന് പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നുവെന്ന് പറഞ്ഞു.  ലിബറൽസിനെ പിന്തുണക്കുന്ന 48 ശതമാനം പേർ മാത്രമാണ് ആൽബർട്ടയ്ക്ക് അനുകൂലമായി പ്രതികരിച്ചത്. വേർപിരിയൽ വേണോ എന്ന് തീരുമാനിക്കുന്നതിൻ്റെ ആദ്യ നടപടികളിൽ ഒന്നായ റഫറണ്ടം ആരംഭിക്കുന്നത് എളുപ്പമാക്കുന്നതിനായി ആൽബർട്ട സർക്കാർ അടുത്തിടെ ഒരു ബിൽ അവതരിപ്പിച്ചിരുന്നു. ആൽബർട്ടൻസിൽ 47 ശതമാനം പേരും കാനഡയിൽ നിന്നുള്ള വേർപിരിയൽ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ട്.