നോവസ്‌കോഷ്യയില്‍ നിന്നും അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ടയറുകളാണ്. അതിനാല്‍ പ്രവിശ്യയിലെ ബ്രിഡ്ജ്‌വാട്ടര്‍ എന്ന ടൗണ്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് മിഷ്‌ലിന്‍ എന്ന ഫ്രഞ്ച് ടയര്‍ കമ്പനിയെയാണ്. ഒരു കാലത്ത് നദിയാണ് പട്ടണത്തിന് ജീവന്‍ നല്‍കിയത്. എന്നാല്‍ ഇന്ന് ബ്രിഡ്ജ്‌വാട്ടറിനെ നിലനിര്‍ത്തുന്നത് മിഷ്‌ലിന്‍ ആണെന്ന് പറയാം.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയം മിഷ്‌ലിനെയും ടയര്‍ നിര്‍മാണത്തെയും ജോലിക്കാരെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിഡ്ജ് വാട്ടറിലെ മിഷ്‌ലിന്‍ പ്ലാന്റില്‍ 1270 പേര്‍ ജോലി ചെയ്യുന്നുണ്ട്. ടയര്‍ നിര്‍മാണ മേഖലയിലെ രാജാവ് എന്ന് വിശേഷിപ്പിക്കുന്ന മിഷ്‌ലിനെ പട്ടണത്തിലെ ജോലി ചെയ്യുന്ന പ്രായത്തിലുള്ള 25 ശതമാനത്തിലധികം പേരാണ് ആശ്രയിക്കുന്നത്. ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത അന്ന് മുതല്‍ കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദമേറി വരുന്നതായി ജീവനക്കാര്‍ പറയുന്നു. കമ്പനികളെ യുഎസിലേക്ക് മാറ്റാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മിഷ്‌ലിന്‍ നോവ സ്‌കോഷ്യ വിടുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ കമ്പനി പ്രവിശ്യയില്‍ നിന്നും മാറിയാല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
നോവ സ്‌കോഷ്യയില്‍ മൂന്ന് മിഷ്‌ലിന്‍ പ്ലാന്റുകളുണ്ട്. 1971 മുതല്‍ ടൗണിലെ ബിസിനസ് പാര്‍ക്കിന്റെ പിറകുവശത്തുള്ള കമ്പനിയുടെ വിശാലമായ സമുച്ചയം ബ്രിഡ്ജ്‌വാട്ടറില്‍ സ്ഥിതി ചെയ്യുന്നു. മറ്റ് ഫാക്ടറികള്‍ ന്യൂ ഗ്ലാസ്‌ഗോയ്ക്കടുത്തുള്ള ഗ്രാന്റണിലും അന്നാപൊളിസ് വാലിയിലെ വാട്ടര്‍വില്ലെയിലുമാണ്.
ഇതുവരെ ട്രംപിന്റെ താരിഫുകളില്‍ നിന്ന് മിഷ്‌ലിന്‍ ടയറുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി താരിഫ് ആശങ്കകള്‍ നേരിയ തോതില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിന് ബലപ്പെടുത്തുന്നതാണ് നോവസ്‌കോഷ്യ പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍ മിഷ്‌ലിന്‍ കമ്പനിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ ഫ്രാന്‍സില്‍ എത്തിയിരിക്കുന്നത്.