സ്‌കാര്‍ബറോയില്‍ 24 മണിക്കൂറിനിടയില്‍ രണ്ട് ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ലോറന്‍സ് അവന്യു ഈസ്റ്റിനടുത്തുള്ള 1198 കെന്നഡി റോഡിലുള്ള റെസ്‌റ്റോറന്റില്‍ പുലര്‍ച്ചെ 3.30 നാണ് ബിസി ബിസി(Bisi Bisi) റെസ്റ്റോറന്റ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇതേ പ്രദേശത്ത് 2300 ലോറന്‍സ് അവന്യു ഈസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ഷാസ് ഇന്ത്യന്‍ ക്യുസിന്‍ എന്ന റെസ്‌റ്റോറന്റ് കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിസി ബിസി റെസ്റ്റോറന്റിന് തീപിടിച്ചത്. തീപിടുത്തം യാദൃശ്ചികമല്ലെന്നും മന:പൂര്‍വ്വം റെസ്റ്റോറന്റിന് തീവെക്കുകയാണെന്നാണ് സൂചനയെന്നും ടൊറന്റോയിലെ അഭിഭാഷകന്‍ രാജേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കത്തിനശിച്ച രണ്ട് റെസ്റ്റോറന്റുകളും ഒരേ ഉടമയുടേതാണ്. തുടര്‍ച്ചയായി രണ്ട് രാത്രികളില്‍ സ്ഥാപനങ്ങള്‍ക്ക് തീയിടാന്‍ പ്രതികള്‍ ആസൂത്രണം ചെയ്തുവെന്നാണ് കരുതുന്നത്. സിസിടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളില്‍ രണ്ട് പേര്‍ ചേര്‍ന്ന് റെസ്റ്റോറന്റ് അടിച്ച് തകര്‍ത്ത് തീയിടുന്നതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രണ്ട് റെസ്‌റ്റോറന്റുകളും മന:പൂര്‍വ്വം കത്തിച്ചതാണെന്ന് പോലീസും വിശ്വസിക്കുന്നു. എന്നാല്‍ രണ്ട് തീപിടുത്തങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന കാര്യം ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല.
ഇത് യഥാര്‍ത്ഥത്തില്‍ ബിസിനസ് സ്ഥപാനത്തിനെതിരായ ആക്രമണമല്ല, മറിച്ച് തങ്ങളുടെ സമൂഹത്തിലുള്ള സുരക്ഷയുടെയും വിശ്വാസത്തിന്റെയും ലംഘനമാണെന്ന് കുമാര്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രാദേശിക സമൂഹത്തില്‍ പ്രധാന പങ്കുവഹിക്കുന്നൊരു സ്ഥാപനമാണ് ഷാസ് റെസ്റ്റോറന്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ റെസ്‌റ്റോറന്റായ ബിസി ബിസി ഒരു ആഴ്ച മുമ്പാണ് തുറന്നത്. ഇതിനിടയിലാണ് ആക്രമണമുണ്ടായത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാനഡയില്‍ സ്ഥാനമില്ലെന്ന് കുമാര്‍ വ്യക്തമാക്കി.
സിറ്റി കൗണ്‍സിലര്‍ മൈക്കല്‍ തോംസണ്‍ ആക്രമണത്തെ അപലപിച്ചു. തീപിടുത്തത്തിന്റെ ഫലമായി താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ബന്ധിതരായ റെസ്റ്റോറന്റ് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കമ്മ്യൂണിറ്റിയുടെയും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെയും സുരക്ഷാ ആശങ്കയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. റെസ്റ്റോറന്റുകള്‍ തുറന്നുകഴിഞ്ഞാല്‍ അവര്‍ക്ക് സുരക്ഷിതരായി മുന്നോട്ട് പ്രവര്‍ത്തിക്കാന്‍ പിന്തുണയും സഹായവും ചെയ്തു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.