സ്വർണത്തോട് ചെറുപ്പത്തിലേ പ്രണയം, എട്ട് വിരലിലും മോതിരം

By: 600007 On: May 26, 2025, 9:28 AM

 

 

സ്ത്രീകൾക്കാണ് സ്വർണാഭരണങ്ങളോട് വലിയ താല്പര്യം എന്ന് പലരും പറയാറുണ്ട്. എന്നാൽ, സ്വർണത്തോട് താല്പര്യമില്ലാത്ത സ്ത്രീകളും, സ്വർണത്തോട് താല്പര്യമുള്ള പുരുഷന്മാരും ഉണ്ട്. അതിലൊരാളാണ് ഗുജറാത്തിലെ അമ്രേലി ജില്ലയിലെ സവർകുണ്ട്ല പട്ടണത്തിൽ താമസിക്കുന്ന മൻഭായി ബോറിച്ച.

ബോറിച്ചയ്ക്ക് ചെറുപ്പം മുതലേ സ്വർണ്ണാഭരണങ്ങളോട് വലിയ ഇഷ്ടമായിരുന്നത്രെ. പത്താം ക്ലാസ് വരെ പഠിച്ചയാളായിരുന്നു ബോറിച്ച. അദ്ദേഹത്തിന്റെ പിതാവിന് കാർഷിക ജോലികളായിരുന്നു. അതോടൊപ്പം തന്നെ അദ്ദേഹം സ്വർണം ധരിക്കുകയും സ്വർണ്ണപ്പണിക്കാരന്റെ ലൈസൻസ് നേടുകയും ചെയ്തിരുന്നു. അതിലൂടെയാവണം ബോറിച്ചയ്ക്കും ചെറുപ്പത്തിൽ തന്നെ ആഭരണങ്ങളോടുള്ള ഇഷ്ടം വളർന്നത്. 

കഴിഞ്ഞ 45 വർഷമായി, ബോറിച്ച തന്റെ എട്ട് വിരലുകളിലും തുടർച്ചയായി സ്വർണ്ണ മോതിരങ്ങൾ ധരിക്കുന്നുണ്ട്. അവ ഒരിക്കലും ഊരിവയ്ക്കുകയുമില്ല. ഇവയ്‌ക്കൊപ്പം തന്നെ വലതു കൈത്തണ്ടയിൽ കട്ടിയുള്ള ഒരു സ്വർണ്ണ വളയും അദ്ദേഹം ധരിക്കുന്നു. സിംഹങ്ങൾ, മയിലുകൾ, 'ഓം' ചിഹ്നം എന്നിവ കൊത്തിയെടുത്തതാണ് ബോറിച്ച ധരിക്കുന്ന മോതിരങ്ങൾ. അതുകൂടാതെ സൂര്യനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതും വജ്രങ്ങൾ പതിച്ചതുമായ മോതിരങ്ങളും അദ്ദേഹത്തിന്റെ കയ്യിലുണ്ട്. 

ഇന്നും ബോറിച്ച ദിവസവും 300 ഗ്രാം സ്വർണ്ണമെങ്കിലും ധരിക്കുന്നുണ്ട്. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ്, ഒരു തോല സ്വർണ്ണത്തിന് വെറും 2,500 രൂപ വിലയുള്ള കാലത്താണ്, അദ്ദേഹം ഈ മോതിരങ്ങൾ നിർമ്മിച്ചത്. അദ്ദേഹം ആദ്യമായി വാങ്ങിയത് 5 ഗ്രാം സ്വർണ്ണമായിരുന്നു. പിന്നീട് പതുക്കെ പതുക്കെ കൂടുതൽ മോതിരങ്ങളും വളകളും വാങ്ങി. 1980 -നും 1990 -നും ഇടയിൽ, അദ്ദേഹം സ്വർണ്ണാഭരണങ്ങൾക്കായി ഏകദേശം 1 ലക്ഷം രൂപ ചെലവഴിച്ചുവെന്നാണ് പറയുന്നത്.

ജോലിയിൽ നിന്നും വിരമിച്ചെങ്കിലും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണ് ബോറിച്ച. സ്വർണ്ണത്തോടുള്ള അദ്ദേഹത്തിന്റെ പ്രണയത്തിന് അന്നും ഇന്നും മാറ്റമില്ല. സൗരാഷ്ട്രയിൽ സ്വർണ്ണം ധരിക്കുന്ന രീതി പണ്ടുമുതലേ ഉള്ളതാണ് എന്നും അദ്ദേഹം പറയുന്നു.