യുഎഇ ഗാസയിലേക്ക് ഭക്ഷണ സാധനങ്ങളുമായി അയച്ചത് 24 ട്രക്കുകൾ, എത്തിയത് 1 മാത്രം; ബാക്കിയെല്ലാം കൊള്ളയടിച്ചു

By: 600007 On: May 25, 2025, 2:03 PM

 

 

ടെൽഅവീവ്: ഗാസയിലേക്ക് യുഎഇ മാനുഷിക സഹായവുമായി അയച്ച ട്രക്ക് കൊള്ളയടിക്കപ്പെട്ടു. ഇസ്രയേൽ നിയന്ത്രിത മേഖലയിലാണ് സംഭവം ഉണ്ടായത്. പ്രവേശനം അനുവദിക്കപ്പെട്ട 24 ട്രക്കുകളിൽ ഒരെണ്ണം മാത്രമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. യുഎഇയുടെ ഗാസയിലേക്കുള്ള മാനുഷിക സഹായം കൈകാര്യം ചെയ്യുന്ന ഓപ്പറേഷൻ ഗലന്റ് നൈറ്റ്സ് 3യെ ഉദ്ധരിച്ച് ഖലീജ് ടൈംസും ഗൾഫ് ന്യൂസുമാണ് ഇക്കാര്യം പുറത്തുവിട്ടത്

24 ട്രക്കുകളായിരുന്നു ഏറെ അധ്വാനങ്ങൾക്ക് ശേഷം ഗാസയിലേക്ക് കടത്തിവിട്ടത്. ഈ ട്രക്കുകൾക്ക് നേരെയാണ് കൊള്ള നടന്നത്. 24 ട്രക്കുകളിൽ ഒരെണ്ണം മാത്രമാണ് ലക്ഷ്യ സ്ഥാനമായ വെയർഹൗസിലെത്തിയത്. ബാക്കിയുള്ളവയ്ക്കെല്ലാം കേടുപാടുകൾ സംഭവിച്ചു. ധാന്യങ്ങളും റൊട്ടികളുൾപ്പടെ ഭക്ഷണ സാധനങ്ങളുമായിരുന്നു ഇവയിൽ. ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സംഭവം.

സുരക്ഷിതമല്ലാത്ത റൂട്ടിന് നിർബന്ധിക്കപ്പെട്ടതിനാലാണ് കവർച്ചയുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 103 ട്രക്കുകൾക്ക് കൂടി പുറപ്പെടാൻ സജ്ജമായി നിൽക്കെയാണ് സംഭവം. ധാന്യങ്ങൾ, ഭക്ഷ്യഎണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ അടിയന്തരമായി എത്തിക്കാനാണ് യുഎഇ ശ്രമിക്കുന്നത്.