ദില്ലി: പാകിസ്ഥാനിലെ ഭീകരത തുറന്നുകാട്ടി ലോകത്തെ ഒപ്പം നിർത്താനുള്ള ഇന്ത്യയുടെ ശ്രമം കൂടുതൽ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി കൂടുതൽ നയതന്ത്രചർച്ചകളുമായി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും കൂടുതൽ നയതന്ത്ര ചർച്ചകളുടെ ഭാഗമാകും. അജിത് ഡോവൽ അടുത്തയാഴ്ച റഷ്യയിൽ സന്ദർശനം നടത്തും.
അടുത്ത ആഴ്ച നടക്കുന്ന ഷാംഗ്രില ഡയലോഗ്‍സിൽ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ പങ്കെടുത്ത് സംസാരിക്കും. ഒരു സ്വതന്ത്രസംഘടന വർഷം തോറും നടത്തുന്ന സുരക്ഷാ വിലയിരുത്തൽ സമ്മേളനമാണ് ഷാംഗ്രില ഡയലോഗ്‍സ്. മെയ് 30, ജൂൺ 1 തീയതികളിൽ സിംഗപ്പൂരിലാണ് സമ്മേളനം. അതിനിടെ മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഖലീൽ നാളെ ദില്ലിയിലെത്തും. ഇദ്ദേഹവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം രാജ്യാന്തര തലത്തിൽ പാകിസ്ഥാനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള നീക്കം സജീവമാക്കുകയാണ് ഇന്ത്യ. പ്രതിപക്ഷ നേതാക്കളടക്കം നയിക്കുന്ന ഏഴ് പ്രതിനിധി സംഘങ്ങളുടെ ലോക യാത്ര തുടരുകയാണ്. പാകിസ്ഥാനെയും ഇന്ത്യയെയും ഒരേ തട്ടിലല്ല കാണേണ്ടതെന്നും, പാക് ഭീകരതയുടെ ഇരയാണ് ഇന്ത്യ എന്നുമുള്ള നിലപാട് ലോകരാജ്യങ്ങളോട് ഇന്ത്യ ഉന്നയിക്കുന്നുണ്ട്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന ആവശ്യം ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ മുന്നിലുയർത്താൻ ഇന്ത്യ വിവിധ രാജ്യങ്ങളുടെ പിന്തുണ തേടും. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന് മുന്നിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താൻ സമ്മർദ്ദവും ചെലുത്തുന്നുണ്ട്. പഹൽഗാമിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത ദ റസിസ്റ്റൻസ് ഫോഴ്സ് എന്ന ടി ആർ എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യു എൻ രക്ഷാ സമിതി അംഗങ്ങളുടെ പിന്തുണ തേടലും സന്ദർശനത്തിന്‍റെ ലക്ഷ്യമാണ്. ചൈനയും പാകിസ്ഥാനുമൊഴികെയുള്ള എല്ലാ യു എൻ രക്ഷാ സമിതി അംഗങ്ങളെയും ഇന്ത്യൻ സംഘങ്ങൾ കാണുന്നുണ്ട്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന നിലപാട് ആവർത്തിക്കുമ്പോഴും ഇതിൽ ഒരു രാജ്യത്തിന്‍റെയും മധ്യസ്ഥത വേണ്ടെന്നതിൽ ഇന്ത്യ ഉറച്ച് നിൽക്കും.