പുതിയ സാമ്പത്തിക ഇടനാഴികൾ വികസിപ്പിക്കാൻ കാനഡയിലെ പ്രീമിയർമാരുടെ ചർച്ചയിൽ ധാരണ

By: 600110 On: May 24, 2025, 3:43 PM

പുതിയ സാമ്പത്തിക ഇടനാഴികൾ വികസിപ്പിക്കാൻ കാനഡയിലെ വിവിധ പ്രവിശ്യകളിലെ പ്രീമിയർമാർ തമ്മിൽ ധാരണയായി. ഇതിനായി ഫെഡറൽ സർക്കാറിൻ്റെ പിന്തുണയ്ക്കായി അഭ്യർത്ഥിച്ചു. രാജ്യത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രീമിയർമാരാണ്  പ്രവിശ്യാ വിഭവങ്ങളെ അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുന്നതിന് പുതിയ സാമ്പത്തിക ഇടനാഴികൾ ആസൂത്രണം ചെയ്യാനും വികസിപ്പിക്കാനും സമ്മതിച്ചത്.  

അമേരിക്കയുമായും ചൈനയുമായും വ്യാപാര യുദ്ധം നടക്കുമ്പോൾ, ഏഷ്യയിലേക്കും യൂറോപ്പിലേക്കും കാനഡയുടെ വിപണി പ്രവേശനം സാധ്യമാക്കാൻ ഇത് സഹായിക്കുമെന്ന് പ്രീമിയർമാർ  പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. പടിഞ്ഞാറൻ കാനഡയിലെ  അടിസ്ഥാന സൗകര്യങ്ങളായ ഹൈവേകൾ, റെയിൽവേകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പൈപ്പ്‌ലൈനുകൾ, എന്നിവ കാനഡയുടെ ഉൽപ്പാദനക്ഷമത, ഊർജ്ജ സുരക്ഷ, സാമ്പത്തിക മത്സരശേഷി എന്നിവയ്ക്ക് നിർണായകമാണെന്ന് നേതാക്കമാരുടെ പ്രസ്താവനയിൽ പറയുന്നു. രണ്ട് ദിവസമായ യെല്ലോ നൈഫിൽ ചേർന്ന യോഗത്തിലാണ് പ്രീമിയർമാർ പുതിയ സാമ്പത്തിക ഇടനാഴികൾ വികസിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. പടിഞ്ഞാറൻ കാനഡ രാജ്യത്തിൻ്റെ സാമ്പത്തിക എഞ്ചിനായി മാറേണ്ട സമയമാണിതെന്നും പുതിയ വിപണികളിലേക്ക് വിഭവങ്ങൾ കൊണ്ടുപോകുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മാത്രമാണ് അതിന് തടസ്സമാകുന്നതെന്നും പ്രീമിയർമാർ പറഞ്ഞു. ഇത് പരിഹരിക്കാൻ പ്രധാനമന്ത്രി മാർക് കാർണിയുടെ പിന്തുണയും അനിവാര്യമാണ്.  പടിഞ്ഞാറൻ തീരത്തെ തുറമുഖങ്ങളെ ഹഡ്സൻ ബേ കോസ്റ്റുമായി ബന്ധിപ്പിക്കുന്നതിൽ അടക്കം ഇത് നിർണ്ണായകമാണെന്നും പ്രീമിയർമാർ വ്യക്തമാക്കി.