ഇ-പാസ്പോര്‍ട്ട്  പുറത്തിറക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യ

By: 600110 On: May 24, 2025, 3:25 PM

 

ഇ-പാസ്പോര്‍ട്ട്  പുറത്തിറക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടി ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 2024 ഏപ്രില്‍ ഒന്നിന് ആരംഭിച്ച പാസ്പോര്‍ട്ട് സേവാ പ്രോഗ്രാം (പി എസ് പി) 2.0 എന്ന വലിയ ഡിജിറ്റല്‍ സംരംഭത്തിന്‍റെ ഭാഗമായാണ് ഇ പാസ്പോര്‍ട്ട് പുറത്തിറക്കിയത്. സുരക്ഷ വര്‍ധിപ്പിക്കുന്നതും ഐഡന്‍റിറ്റി പരിശോധന എളുപ്പമാക്കുന്നതുമാണ് ഇ- പാസ്പോര്‍ട്ടിന്‍റെ സവിശേഷത. ഇ- പാസ്പോര്‍ട്ടുകള്‍ അച്ചടിച്ചതും ഡിജിറ്റല്‍ ഒപ്പിട്ടതുമായതിനാല്‍ ഇത് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല വ്യാജമായി നിര്‍മിക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്.

ഇ പാസ്പോര്‍ട്ടിന്‍റെ പിന്‍ കവറില്‍ റേഡിയോ ഫ്രീക്കവന്‍സി ഐഡന്‍റിഫിക്കേഷന്‍ ചിപ്പും (RFID) ആന്‍റിനയും ഉണ്ടാവും. പാസ്പോര്‍ട്ട് ഉടമയുടെ വിവരങ്ങള്‍ ഈ ചിപ്പില്‍ ഉണ്ടാവും. ചിത്രങ്ങള്‍, വിരലടയാളം, ജന്മദിന തിയതി, പാസ്പോര്‍ട്ട് നമ്പര്‍ എന്നിവയടക്കമുള്ള വിവരങ്ങളാണ് ഈ ചിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക. അവ സുരക്ഷിതമായി സൂക്ഷിക്കും. അതുകൊണ്ട് തന്നെ വിവരങ്ങള്‍ ചോര്‍ന്നു പോകാനുള്ള സാധ്യത വളരെ കുറവാണ്.  ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുമെന്നതാണ് ഇ പാസ്പോര്‍ട്ടിന്‍റെ പ്രധാന ഗുണങ്ങളിലൊന്ന്. ഇ പാസ്പോര്‍ട്ടുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന ഇ ഗേറ്റുകള്‍ വഴി എളുപ്പത്തില്‍ യാത്രക്കാർക്ക് പോകാനാകും .  സാധാരണ പാസ്പോര്‍ട്ട് ഉള്ളവർക്ക്  അവരുടെ പാസ്പോര്‍ട്ടുകള്‍ ഇ പാസ്പോര്‍ട്ടുകള്‍ക്കായി മാറ്റി നല്‍കേണ്ടതില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ നല്‍കിയ എല്ലാ സാധാരണ പാസ്പോര്‍ട്ടുകളും അതിന്‍റെ കാലാവധി കഴിയുന്നത് വരെ ഉപയോഗിക്കാം. 2025 അവസാനത്തോടെ രാജ്യത്തിന്‍റെ എല്ലാ പാസ്പോര്‍ട്ടു കേന്ദ്രങ്ങളിലും ഇ പാസ്പോര്‍ട്ടുകള്‍ നല്‍കാന്‍ കഴിയും