കാനഡക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം തടയാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിൽ നിന്ന് ഹാർവാർഡ് സർവകലാശാലയ്ക്ക്, താൽക്കാലിക ഇളവ് നൽകി യുഎസ് കോടതി. സർക്കാരിൻ്റെ നടപടി നിലവിലെ നിയമങ്ങൾക്ക് എതിരാണെന്നും അന്താരാഷ്ട്ര വിസ ഉള്ള 7,000-ത്തിലധികം പേർക്ക് ഇത് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന് ഹാർവാർഡ് സർവ്വകലാശാല കോടതിയിൽ അറിയിച്ചു. ഇതേ തുടർന്നാണ് കോടതി താൽക്കാലിക നിരോധന ഉത്തരവ് അനുവദിച്ചത്.
എങ്കിലും, സർക്കാരിൻ്റെ നടപടി ഒടുവിൽ നിലനിൽക്കുകയാണെങ്കിൽ, കുറഞ്ഞത് രണ്ട് അക്കാദമിക് വർഷത്തേക്കെങ്കിലും പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ കഴിയില്ലെന്ന് ഹാർവാർഡ് പറയുന്നു. ഹാർവാർഡിൽ ഏകദേശം 6,800 വിദേശ വിദ്യാർത്ഥികളുണ്ട്. അവരിൽ ഭൂരിഭാഗവും 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള ബിരുദ വിദ്യാർത്ഥികളാണ്. ട്രംപ് ഭരണകൂടത്തിൻ്റെ നടപടി നിലവിലുള്ള വിദേശ വിദ്യാർത്ഥികളെ ഉൾപ്പെടെ, മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ നിർബന്ധിതരാക്കും. അമേരിക്കയിൽ നിയമപരമായി തുടരാനുള്ള അവരുടെ അവകാശം ഇത് നഷ്ടപ്പെടുകയും ചെയ്തേക്കാമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണിയുടെ മകൾ ക്ലിയോ കാർണിയും ഹാർവാർഡിലെ വിദ്യാർഥിയാണ്. കൂടാതെ ബെൽജിയം രാജകുമാരിയും ഹാർവാർഡിലാണ് പഠിക്കുന്നത്. കോടതി ഇടപെട്ടിലായിരുന്നു എങ്കിൽ ഇവരുടെയൊക്കെ പഠനം പ്രതിസന്ധിയിലാകാനായിരുന്നു സാധ്യത.