അധ്യാപക ക്ഷാമത്തിന് പരിഹാരം: ടീച്ചേഴ്‌സ് കോളേജുകളില്‍ 2600 സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: May 24, 2025, 11:56 AM

 

 

പ്രവിശ്യയില്‍ രൂക്ഷമായ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ടീച്ചേഴ്‌സ് കോളേജുകളില്‍ 2600 സീറ്റുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി ഒന്റാരിയോ സര്‍ക്കാര്‍. 2027 ആകുമ്പോഴേക്കും പുതിയ അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി രണ്ട് വര്‍ഷത്തേക്ക് 55.8 മില്യണ്‍ ഡോളര്‍ ചെലവഴിക്കുമെന്ന് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി ബെത്‌ലെന്‍ഫാല്‍വി സൂചിപ്പിച്ചിരുന്നു. 

ബാച്ചിലര്‍ ഓഫ് എജ്യുക്കേഷന്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന എല്ലാ സ്‌കൂളുകളിലും പുതിയ സീറ്റുകള്‍ ചേര്‍ക്കുന്നതിനായി പണം ഉപയോഗിക്കുമെന്നും ഈ സെപ്റ്റംബറില്‍ തന്നെ ഇത് ലഭ്യമാക്കുമെന്നും കോളേജസ് ആന്‍ഡ് യൂണിവേഴ്‌സിറ്റീസ് മിനിസ്റ്റര്‍ നോളന്‍ ക്വിന്‍ പ്രസ്താവനയില്‍ അറിയിച്ചു. കാനഡയിലേക്ക് കുടിയേറുന്നവരും അഭയാര്‍ത്ഥികളും വര്‍ധിച്ചതോടെ എലിമെന്ററി, സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ ഭാവിയില്‍ അധ്യാപകരുടെ കുറവുണ്ടാകുമെന്ന് തിരിച്ചറിഞ്ഞാല്‍ ഏകദേശം 2,600 പുതിയ അധ്യാപന സീറ്റുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് അഭിമുഖത്തില്‍ വ്യക്തമാക്കി.