ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ തിരക്കേറുന്നു; ആശങ്ക പങ്കുവെച്ച് അധികൃതര്‍ 

By: 600002 On: May 24, 2025, 11:30 AM

 

 

കാനഡയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ ഈ വര്‍ഷം തിരക്കേറുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സന്ദര്‍ശകരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം കനനാസ്‌കിസില്‍ ജി7 ഉച്ചകോടി നടക്കാനിരിക്കുന്നതിനാല്‍ തിരക്ക് സംബന്ധിച്ച് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തിരക്കേറുമ്പോള്‍ വാഹനഗതാഗതവും താറുമാറാകും. വാഹനങ്ങളുടെ നീണ്ട നിര ഗതാഗതക്കുരുക്ക് സൃഷ്ടിക്കും.

കഴിഞ്ഞ വര്‍ഷം തിരക്ക് കുറഞ്ഞെങ്കിലും ബാന്‍ഫ് ടൗണിന്റെ രണ്ട് പ്രവേശന കവാടങ്ങളിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കാര്യത്തില്‍ 2024 റെക്കോര്‍ഡ് വര്‍ഷമായിരുന്നു. 6.7 മില്യണ്‍ വാഹനങ്ങളാണ് എത്തിയത്. 2023 നെ അപേക്ഷിച്ച് 2.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ബാന്‍ഫ് മേയര്‍ കോറി ഡിമാനോ പറഞ്ഞു. കഴിഞ്ഞ സമ്മര്‍സീസണില്‍ ഏകദേശം 60 ദിവസം ടൗണിലെ എന്‍ട്രന്‍സുകളില്‍ 24,000 ത്തിലധികം വാഹനങ്ങളുണ്ടായിരുന്നുവെന്നാണ് കണക്കുകളെന്ന് ഡിമാനോ പറഞ്ഞു. ഇത് വലിയൊരു ഗതാഗതക്കുരുക്കിന് കാരണമായി. 

സന്ദര്‍ശകര്‍ അവരുടെ കാറുകളില്‍ പാര്‍ക്കിലേക്ക് വരുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വരുമ്പോള്‍ സന്ദര്‍ശകര്‍ നിരാശരാകുന്നു. അതിനാല്‍ സന്ദര്‍ശകര്‍ ബസില്‍ വരുന്നതാണ് ഉചിതമെന്ന് ഡിമാനോ പറയുന്നു. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കുമ്പോള്‍ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാനും സാധിക്കുന്നു. അതേസമയം, വാഹനമോടിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ട്രെയിന്‍ സ്‌റ്റേഷന്‍ പബ്ലിക് പാര്‍ക്കിംഗ് ലോട്ട് അധികൃതര്‍ ശുപാര്‍ശ ചെയ്യുന്നു. ഇവിടെ റോം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിച്ച് സമീപത്തുള്ള നിരവധി ആകര്‍ഷണീയമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. കൂടാതെ ഇവിടെ നിന്നും ബാന്‍ഫ് ഡൗണ്‍ടൗണിലേക്ക് എട്ട് മിനിറ്റ് നടക്കാവുന്ന ദൂരം മാത്രമേയുള്ളൂവെന്നതും സൗകര്യപ്രദമാണ്.