'സീനിയര്‍ അസ്സാസിന്‍ ഗെയിം': തോക്കുധാരിയെന്ന് സംശയം; കളി കാര്യമായി, ആല്‍ബെര്‍ട്ടയില്‍ ഹൈസ്‌കൂള്‍ അടച്ചു 

By: 600002 On: May 24, 2025, 10:49 AM

 

 


ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ പ്രചാരത്തിലുള്ള ഗെയിം കാരണം ആല്‍ബെര്‍ട്ടയില്‍ ഹൈസ്‌കൂള്‍ അടച്ചുപൂട്ടേണ്ടി വന്നു. 'സീനിയര്‍ അസാസിന്‍' എന്ന ഗെയിമാണ് വിദ്യാര്‍ത്ഥികളില്‍ വ്യാപകമാകുന്നത്. കാല്‍ഗറിയില്‍ സ്ട്രാത്ത്‌മോര്‍ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് തൊട്ടുമുമ്പായി തോക്കുമായി ആരോ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചതോടെ ആര്‍സിഎംപി ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ അന്വേഷണത്തിനായെത്തുകയായിരുന്നു. അന്വേഷണത്തിനായി സ്‌കൂള്‍ അടച്ചു.പരിശോധനയെ തുടര്‍ന്ന് സംശയിക്കപ്പെട്ട ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

എന്നാല്‍ ഇയാളുടെ കൈവശം വാട്ടര്‍ ഗണ്ണാണ് ഉണ്ടായിരുന്നത്. സീനിയര്‍ അസാസിന്‍ ഗെയിമില്‍ പങ്കെടുക്കുന്നയാളാണിതെന്നും കണ്ടെത്തി. ഗെയിമില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ നിശ്ചിത സമയത്തിനുള്ളില്‍ വാട്ടര്‍ ഗണ്‍ കൊണ്ട് സഹവിദ്യാര്‍ത്ഥിക്ക് നേരെ വെള്ളം ചീറ്റിച്ച് 'കൊല്ലുക'  എന്നതാണ് ഗെയിമിലെ ലക്ഷ്യം. ഗെയിമണെന്ന് മനസ്സിലായതോടെ കസ്റ്റഡിയിലെടുത്ത വ്യക്തിയെ പോലീസ് വിട്ടയക്കുകയും ചെയ്തു. 

കളിയാണെങ്കിലും ഇത് കാര്യമാകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആര്‍സിഎംപി. കളിയാണെന്ന് മനസ്സിലാക്കാതെ വാട്ടര്‍ ഗണ്‍ യഥാര്‍ത്ഥ തോക്കാണെന്ന് വാഹനമോടിക്കുന്നവരും മറ്റും തെറ്റിദ്ധരിക്കുകയും ആളുകള്‍ ഭയപ്പെടുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്‌തേക്കാമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. യഥാര്‍ത്ഥ തോക്ക് പോലെ തോന്നിപ്പിക്കുന്ന ഒരു കളിപ്പാട്ട തോക്കുകളും കുട്ടികള്‍ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മാതാപിതാക്കള്‍ക്ക് കഴിഞ്ഞയാഴ്ച കാല്‍ഗറി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.