ലാസിക് നേത്ര ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കി ഡോക്ടര്‍മാര്‍. ശസ്ത്രക്രിയ കഴിഞ്ഞ ചിലര്‍ക്ക് അനന്തരഫലം വേദനാജനകമായിതീരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയത്. പെന്‍സില്‍വാനിയയില്‍ ലാസിക് സര്‍ജറി ചെയ്ത യുവ പോലീസ് ഉദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയിലാവുകയും തുടര്‍ന്ന് വേദന സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശസ്ത്രക്രിയയുടെ അപകടങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പെന്‍ ഹില്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ 26 വയസ്സുള്ള റയാന്‍ കിംഗെര്‍സ്‌കിയാണ് ശസ്ത്രക്രിയ മൂലമുണ്ടായ സങ്കീര്‍ണതകള്‍ കാരണം ആത്മഹത്യ ചെയ്തത്. സര്‍ജറിക്ക് പിന്നാലെ മാസങ്ങളോളം റയാന്‍ കഠിനമായ വേദന സഹിച്ചു. വിട്ടുമാറാത്ത തലവേദനയും, ഡബിള്‍ വിഷനും റയാനെ നിരന്തരം അലട്ടി. അസഹനീയമായ വേദന കാരണം ജീവിതം ദുസഹമായതോടെ റയാന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
റയാന്റെത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാനമായ അവസ്ഥ നിരവധി പേര്‍ അനുഭവിക്കുന്നുണ്ടെന്നും മിയാമി ആസ്ഥാനമായുള്ള ഒപ്‌റ്റോമെട്രിസ്റ്റ് എഡ്വേര്‍ഡ് ബോഷ്‌നിക്കിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ലാസിക് സര്‍ജറി അഥവാ ലേസര്‍ വിഷന്‍ കറക്ഷന്‍ 95 ശതമാനം മുതല്‍ 99 ശതമാനം വരെ സുരക്ഷിതമാണെന്ന് പ്രൊവൈഡര്‍മാര്‍ പറയുന്നു. ശസ്ത്രക്രിയാ നടപടിക്രമം ലളിതമാണ്. കോര്‍ണിയയുടെ ആകൃതി മാറ്റാന്‍ അള്‍ട്രാവയലറ്റ് ലേസറാണ് ഉപയോഗിക്കുന്നത്.
കണ്ണടകളോ കോണ്‍ടാക്റ്റ് ലെന്‍സുകളോ ഇല്ലാതെ കാഴ്ച മെച്ചപ്പെടുത്താന്‍ ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ശസ്ത്രക്രിയ ചെയ്യാന്‍ ഒരുങ്ങുന്നവര്‍ രണ്ടാമതൊരു വട്ടം കൂടി ആലോചിച്ചിട്ടു വേണം ഇത് ചെയ്യാനെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.