മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പെൻഷനടക്കം എട്ട് മില്യൻ ഡോളറിൻ്റെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ. ട്രൂഡോയ്ക്ക് 104,900 ഡോളർ വിരമിക്കൽ ആനുകൂല്യമായി ലഭിക്കും. അദ്ദേഹം 90 വയസ്സ് വരെ ജീവിച്ചാൽ, പാർലമെൻ്റ് അംഗമെന്ന നിലയിലും പ്രധാനമന്ത്രിയെന്ന നിലയിലും 16 വർഷത്തിലധികം സേവനമനുഷ്ഠിച്ചതിന് 8.4 മില്യൺ ഡോളർ പെൻഷൻ പേയ്‌മെന്റായി ലഭിക്കുമെന്നാണ് കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ വ്യക്തമാക്കിയത്. എംപിക്കും പ്രധാനമന്ത്രിക്കും വെവ്വേറെ പെൻഷനുകളുണ്ട്.
വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരും മത്സരിച്ച് പരാജയപ്പെട്ടവരും ആയ 110 പാർലമെൻ്റ് അംഗങ്ങളുടെയും പെൻഷൻ അവകാശങ്ങളെക്കുറിച്ചുള്ള കണക്കുകകളും അഭിഭാഷക ഗ്രൂപ്പ് പുറത്ത് വിട്ടു. ഇത് കനേഡിയൻ നികുതിദായകരുടെ പണമാണ്. രാഷ്ട്രീയക്കാർ അധികാരത്തിലിരിക്കുമ്പോൾ എത്രമാത്രം സമ്പാദിക്കുന്നുണ്ടെന്ന് അറിയാൻ കനേഡിയൻ പൌരന്മാർക്ക് അർഹതയുണ്ട്. മാത്രമല്ല, അവർ അധികാരം വിടുമ്പോൾ അവർക്ക് എത്രമാത്രം ലഭിക്കുന്നു എന്നതും അറിയണം. സുതാര്യതയുടെയും ഉത്തരവാദിത്തത്തിൻ്റെയും അടിസ്ഥാന തത്വമാണിതെന്നും കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ ടെറസാനോ പറഞ്ഞു. പെൻഷന് അർഹരാകാൻ ആറ് വർഷത്തെ സേവനം നിർബന്ധമാണ്. പെൻഷന് അർഹതയില്ലാത്ത എംപിമാർക്ക് സെവറൻസ് ലഭിക്കും.
ഈ സംഖ്യകൾ കാണുമ്പോൾ പല കനേഡിയൻ പൌരന്മാരും പ്രകോപിതരാകാനാണ് സാധ്യതയെന്ന് ഫ്രാങ്കോ ടെറസാനോ പറഞ്ഞു. സ്വകാര്യ മേഖലയിലെ ഭൂരിഭാഗം തൊഴിലാളികൾക്കും പെൻഷൻ ലഭിക്കുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ സർക്കാരും മാറ്റങ്ങൾക്ക് തയ്യാറാകേണ്ടതുണ്ട്. മുകൾത്തട്ടിൽ നിന്ന് തന്നെ ഇത് ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.