കട്ടക്കലിപ്പിൽ കിം, വധശിക്ഷ വരെ നൽകുമെന്ന് നിരീക്ഷണം, പുറത്തിറക്കിയതിന് പിന്നാലെ യുദ്ധക്കപ്പൽ തകര്‍ന്നതിൽ രോഷം

By: 600007 On: May 23, 2025, 3:25 PM

 

 

പ്യോങ്യാങ്: ഉത്തര കൊറിയയുടെ പുതിയ 5,000 ടൺ നാവിക കപ്പൽ പുറത്തിറക്കുന്നതിനിടെ മറിഞ്ഞുവീണ് തകര്‍ന്ന സംഭവം കിം ജോങ് ഉൻ നോക്കിനിൽക്കെയായിരുന്നു എന്ന് റിപ്പോര്‍ട്ട്.  കിഴക്കൻ തീരദേശ നഗരമായ ചോങ്ജിനിൽ നടന്ന സംഭവത്തിൽ കിം ജോങ് ഉൻ അങ്ങേയറ്റം രോഷാകുലനാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 'തികഞ്ഞ അശ്രദ്ധ' മൂല സംഭവിച്ച 'കുറ്റകൃത്യം' എന്ന് പറഞ്ഞാണ് കിം ദുരന്തത്തെ പരസ്യമായി അപലപിച്ചതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പുതിയ ഉപഗ്രഹ ചിത്രങ്ങളിൽ യുദ്ധക്കപ്പൽ വെള്ളത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് കാണുന്നത്. കപ്പലിനുണ്ടായ കേടുപാടുകൾ മറയ്ക്കാൻ നീല ടാർപോളിനുകൾ ഉപയോഗിച്ച് ഭാഗികമായി മറച്ചിട്ടുമുണ്ട്. ട്രാൻസ്പോർട്ട് ക്രാഡിൽ ആദ്യം തെന്നിമാറുകയും, തുടർന്ന് കപ്പൽ ബാലൻസ് തെറ്റുകയും, അടിഭാഗത്ത് ദ്വാരങ്ങൾ വീഴുകയും ചെയ്തു," എന്ന് ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്യുന്നത്.

കപ്പൽ പുറത്തിറക്കുമ്പോൾ കിം ജോങ് ഉൻ സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവം അദ്ദേഹത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കപ്പൽശാലാ നടത്തിപ്പുകാരെയും കിം രൂക്ഷമായി വിമർശിച്ചു. ജൂൺ അവസാനത്തോടെ നടക്കാനിരിക്കുന്ന പാർട്ടിയുടെ പ്ലീനറി യോഗത്തിന് മുൻപ് കപ്പൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. നേരത്തെ, ഏപ്രിലിൽ ഉത്തര കൊറിയ സമാനമായ ഒരു 5,000 ടൺ നശീകരണ കപ്പൽ പുറത്തിറക്കിയിരുന്നു. ഏറ്റവും വലിയതും അത്യാധുനികവുമായ യുദ്ധക്കപ്പലുകളിലൊന്നായി ഇതിനെ വിശേഷിപ്പിച്ചിരുന്നു.  

സൈഡ്-ലോഞ്ച് ശ്രമം കാരണമാണ് കപ്പൽ പുറത്തിറക്കൽ പരാജയപ്പെട്ടതെന്നാണ് യുഎസ് ഏജൻസികളുമായി സഹകരിച്ച് ദക്ഷിണ കൊറിയൻ സൈനിക, ഇൻ്റലിജൻസ് വൃത്തങ്ങൾ നടത്തിയ വിലയിരുത്തലിൽ വ്യക്തമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര കൊറിയൻ ഉദ്യോഗസ്ഥർ നഷ്ടത്തിൻ്റെ തീവ്രത കുറച്ചുകാണിക്കുകയാണെന്നും പറയുന്നു. അതേസമയം, രോഷാകുലനായ കിമ്മന്റെ നടപടി കടുത്തതാകുമെന്നാണ് സൂചന. ദുരന്തത്തിന് ഉത്തരവാദികളായവർക്ക് വധശിക്ഷ പോലും ലഭിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.