ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: May 23, 2025, 10:40 AM

 

ഹാര്‍വാഡ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ചില നിര്‍ദ്ദേശങ്ങള്‍ യൂണിവേഴ്‌സിറ്റി പാലിക്കാത്ത സാഹചര്യത്തിലാണ് ഈ നടപടി. നിലവില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ മറ്റ് സര്‍വകലാശാലകളിലേക്ക് മാറണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവര്‍ മാറിയില്ലെങ്കില്‍ വിദ്യാര്‍ത്ഥി വിസ റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഹാര്‍വാഡ് സര്‍വകലാശാലയിലെ മൊത്തം വിദ്യാര്‍ത്ഥികളില്‍ 27 ശതമാനം 140 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നാണ് കണക്കുകള്‍. അതേസമയം, നടപടി നിയമാനുസൃതമല്ലെന്നാണ് ഹാര്‍വാഡ് സര്‍വ്വകലാശാല പ്രതികരിക്കുന്നത്. സര്‍വ്വകലാശാലയിലെ 6800 വിദേശ വിദ്യാര്‍ത്ഥികളെ ഈ നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍വ്വകലാശാലയില്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇത് ചെയ്യുന്നതെന്ന് ഭരണകൂടം അറിയിച്ചു. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം സര്‍വ്വകലാശാലയ്ക്ക് കത്ത് അയച്ചിട്ടുണ്ട്. 

ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ സര്‍വകലാശാലയ്ക്കുള്ള ഫെഡറല്‍ ധനസഹായമായ 2.3 ബില്യണ്‍ ഡോളര്‍ അമേരിക്ക മരവിപ്പിച്ചിരുന്നു.