വിവാദമായ 'ബബിൾ സോൺ' ബൈലോ ടൊറൻ്റോ സിറ്റി കൗൺസിൽ അംഗീകരിച്ചു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ഡേകെയറുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതാണ് ബബിൾ സോൺ ബൈലോ. ഒരു ദിവസം മുഴുവൻ നീണ്ട ചർച്ചയ്ക്ക് ശേഷമാണ്,ടൊറൻ്റോ സിറ്റി കൗൺസിൽ ബൈലോ അംഗീകരിച്ചത്. 16 വോട്ടുകൾക്കാണ് ബൈലോ അംഗീകരിച്ചത്. 9 പേർ എതിർത്ത് വോട്ടു ചെയ്തു.
ബബിൾ സോൺ' അവഗണിച്ചാൽ നിയമലംഘകർക്ക് 5,000 ഡോളർ വരെ പിഴ ചുമത്താം. പിഴ ഒടുക്കാൻ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. കൗൺസിലർമാർ പറയുന്നതനുസരിച്ച്, നഗരത്തിലുടനീളമുള്ള 3,000 സ്ഥലങ്ങളിൽ ഈ ബൈലോ ബാധകമാകും. ഒരു വർഷത്തിലേറെയായി, ആരാധനാലയങ്ങൾക്കും മറ്റ് ദുർബല സ്ഥാപനങ്ങൾക്കും പുറത്തുള്ള പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിൽ സിറ്റി കൌൺസിൽ ബുദ്ധിമുട്ടുകയാണ്. ഇതേ തുടർന്നാണ് പുതിയ ബൈലോ കൊണ്ടു വന്നത്. പുതിയ ബൈലോ പ്രതിഷേധിക്കാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്നുണ്ടെന്ന് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത കൗൺ ബ്രാഡ് ബ്രാഡ്ഫോർഡ് പറഞ്ഞു. നിങ്ങൾക്ക് പ്രതിഷേധിക്കാൻ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. പക്ഷേ ആരാധനാലയങ്ങളിൽ ഉൾപ്പടെ, എത്തുന്നവരെ വെറുപ്പുളവാക്കുന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.