യു എസിലെ വാഷിംഗ്ടൺ ഡി സിയിൽ, രണ്ട് ഇസ്രയേലി എംബസി ജീവനക്കാരെ വെടിവെച്ചുകൊന്ന സംഭവത്തിന് പിന്നാലെ കാനഡയിലെയും ജൂത സ്ഥാപനങ്ങൾക്ക് സമീപം സുരക്ഷ വർദ്ധിപ്പിച്ചു. ടൊറൻ്റോ, പീൽ, യോർക്ക് മേഖലകളിലെ സിനഗോഗുകൾ, സ്കൂളുകൾ, കമ്മ്യൂണിറ്റി സെൻ്ററുകൾ എന്നിവയ്ക്ക് സമീപങ്ങളിലാണ് ജി ടി എ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചത്. നിലിൽ ഭീഷണികൾ ഇല്ലെങ്കിലും, പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സേനയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
അടുത്ത കുറച്ച് ദിവസത്തേക്ക് ബാതസ്റ്റ് സ്ട്രീറ്റ് ഇടനാഴിയിൽ കൂടുതൽ പട്രോളിംഗ് ഉണ്ടായിരിക്കുമെന്ന് യോർക്ക് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വാഷിംഗ്ടൺ ഡി സിയിലെ ജൂത മ്യൂസിയത്തിനു സമീപത്തായിരുന്നു ആക്രമണമുണ്ടായത്. മ്യൂസിയത്തിൽ നടക്കുന്ന സാംസ്‌കാരിക പരിപാടിയ്ക്കായി എത്തിയ ഇസ്രയേൽ എംബസി ജീവനക്കാരായ യാരോൺ ലിഷിൻസ്‌കി, സാറാ ലിൻ മിൽഗ്രി എന്നിവരാണ് കൊല്ലപ്പെട്ടത്. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഇവർ എംബസിയിൽ സഹപ്രവർത്തകരായിരുന്നു. ചിക്കാഗോ സ്വദേശി ആയ 30 വയസുകാരൻ ഏലിയാസ് റോഡ്രിഗസ് ആണ് കൊലയാളി എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ കാനഡയിലെ ജൂത സമൂഹം ദുഖം രേഖപ്പെടുത്തിയിരുന്നു.