പുതിയ നേതൃത്വത്തിന് കീഴില്‍ ചെലവ് കുറയ്ക്കുന്നതിന് തങ്ങളുടെ ജീവനക്കാരില്‍ രണ്ട് ശതമാനം പേരെ പിരിച്ചുവിടുകയാണെന്ന് ടിഡി ബാങ്ക് ഗ്രൂപ്പ് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, കമ്പനിക്ക് ഏകദേശം 101,800 ജീവനക്കാരുണ്ട്. ഇതില്‍ നിന്ന് 2,000 ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. കൂടാതെ, ബിസിനസ് അടച്ചുപൂട്ടലുകള്‍, എക്‌സിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ പ്രതിവര്‍ഷം 650 മില്യണ്‍ ഡോളര്‍ വരെ ലാഭിക്കുന്നതിനുള്ള പുന:സംഘടനയാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വര്‍ഷം റെക്കോര്‍ഡ് വരുമാനം നേടിയതായി ടിഡി ബാങ്ക് അറിയിച്ചു. 2025 ലെ ആദ്യ മൂന്ന് മാസത്തില്‍ 16 ശതമാനം വര്‍ധനയും 213 കോടി ഡോളറിന്റെ വരുമാനവും റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 10 ശതമാനം വര്‍ധനയാണിതെന്നും ത്രൈമാസ വരുമാന റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ ധനകാര്യ സേവന സ്ഥാപനമായ ചാള്‍സ് ഷ്വാബില്‍ ശേഷിക്കുന്ന ഇക്വിറ്റി നിക്ഷേപത്തിന്റെ വില്‍പ്പന ഉള്‍പ്പെടെ വ്യാപാരവുമായി ബന്ധപ്പെട്ട വരുമാനത്തിലും അണ്ടര്‍റൈറ്റിംഗ് ഫീസുകളിലും ഉണ്ടായ വര്‍ധനയാണ് നേട്ടത്തിന് കാരണമെന്ന് ടിഡി ബാങ്ക് എക്‌സിക്യുട്ടീവ് റെയ്മണ്ട് ചുന്‍ അറിയിച്ചു.