പ്രസിഡന്റ് എബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ട അമൂല്യമായ പുരാവസ്തുക്കൾ ലേലത്തിൽ വിറ്റുപോയത് അതിശയിപ്പിക്കുന്ന വിലയ്ക്ക്. ബുധനാഴ്ച നടന്ന ലേലത്തിൽ ലേലത്തിന് വച്ച 144 ഇനങ്ങളിൽ അദ്ദേഹം കൊല്ലപ്പെട്ട രാത്രിയിൽ പോക്കറ്റിലുണ്ടായിരുന്ന രക്തം പുരണ്ട തുകൽ കയ്യുറകളും ഉൾപ്പെട്ടിരുന്നു.
ലിങ്കൺ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ ലിങ്കൺ പുരാവസ്തുക്കളുടെ ഒരു ശേഖരം വാങ്ങാൻ ഉപയോഗിച്ച രണ്ട് പതിറ്റാണ്ട് പഴക്കമുള്ള 8 മില്യൺ ഡോളർ വായ്പ തിരിച്ചടയ്ക്കുന്നതിനാണ് പ്രധാനമായും ഇപ്പോൾ ഇങ്ങനെയൊരു ലേലം സംഘടിപ്പിച്ചത്. കാലിഫോർണിയയിലെ ഒരാളിൽ നിന്നുമായിരുന്നു ലിങ്കൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ ഈ പണം കടമായി വാങ്ങിയത്.
ഷിക്കാഗോയിലെ ഫ്രീമാൻസ്/ഹിന്ദ്മാനിൽ നടന്ന ലേലത്തിൽ 7.9 മില്യൺ ഡോളർ ലഭിച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ചത് അബ്രഹാം ലിങ്കന്റെ രക്തംപുരണ്ട കൈയുറകൾക്കായിരുന്നു.1.52 മില്യൺ ഡോളറാണ് ഇതിന് ലഭിച്ചത്. 1865 ഏപ്രിൽ 14 -ന്, വെടിയേറ്റ രാത്രിയിൽ അദ്ദേഹത്തിൻറെ കോട്ടിൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കൈയുറകളായിരുന്നു ഇത്. അന്നേദിവസം ലിങ്കൺ കൈവശം വച്ചിരുന്ന രണ്ട് തൂവാലകളിൽ ഒന്ന് 826,000 ഡോളറിന് വിറ്റു.
കൊലപാതക ഗൂഢാലോചനയിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന ഒരു 'വാണ്ടഡ്' പോസ്റ്റർ 762,500 ഡോളറിന് വിറ്റു, ഇതിന് കണക്കാക്കിയിരുന്ന വിലയായ 120,000 ഡോളറിനേക്കാൾ വളരെ ഉയർന്ന വിലയ്ക്കാണ് ഈ വില്പന നടന്നത്. 1824-ൽ ഒരു നോട്ട്ബുക്കിൽ നിന്ന് ലഭിച്ച പ്രസിഡന്റിന്റെ കൈയക്ഷരത്തിന്റെ ഏറ്റവും പഴയ സാമ്പിളിന് $521,200 വില ലഭിച്ചു.
ഫൗണ്ടേഷന്റെ വെബ്സൈറ്റിൽ, ലേലത്തിൽ നിന്നുള്ള വരുമാനം കടം വീട്ടുന്നതിനായി ഉപയോഗിക്കുമെന്നും അധികമായി ലഭിക്കുന്ന തുക തുടർപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നുമാണ് ലിങ്കൺ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.