ജയിലിൽ നിന്ന് തെറ്റായി മോചിതയായതിന് ശേഷം പോലീസിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് കനേഡിയൻ യുവതി. മക്കെൻസി ഡോൺ എന്ന 24കാരിയായ യുവതിയാണ് പൊലീസിനെ പരിഹസിച്ച രംഗത്തെത്തിയത്. ഫോർട്ട് സസ്കാച്ചെവാൻ ജയിലിൽ കഴിഞ്ഞ മാസം ആയിരുന്നു സംഭവം.
എൻ്റെ പേര് മക്കെൻസി, എനിക്ക് നിങ്ങളോട് പറയാൻ ഒരു രസകരമായ കഥയുണ്ടെന്ന വാക്കുകളോടെയാണ് യുവതിയുടെ പോസ്റ്റ് തുടങ്ങുന്നത്. സർക്കാരിന് പറ്റിയൊരു പിഴവിലൂടെ രക്ഷപ്പെട്ട തടവുകാരിയാണ് ഞാൻ. അവർ എന്നെ പിടിക്കാൻ പോകുന്നില്ല കാരണം ഞാൻ അവരേക്കാൾ രണ്ട് ചുവട് മുന്നിലാണ്, യുവതി പറയുന്നു. പല വിധ കുറ്റങ്ങൾ ആരോപിക്കപ്പെട്ടൊരു യുവതിയാണ് മക്കെൻസി ഡോൺ. തനിക്കെതിരായ കുറ്റങ്ങൾ സ്റ്റേ ചെയ്തതായി സൂചിപ്പിക്കുന്ന വ്യാജ രേഖകൾ ഹാജരാക്കിയതിനെ തുടർന്നാണ് ഫോർട്ട് സസ്‌കാച്ചെവൻ കറക്ഷണൽ സെന്ററിൽ നിന്ന് യുവതിയെ വിട്ടയച്ചത്. എന്നാൽ പിഴവ് മനസ്സിലായ ഉടൻ തന്നെ, അവരുടെ അറസ്റ്റിനായി വാറണ്ട് തേടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വ്യാജ രേഖകൾ ഉപയോഗിച്ചതിനെക്കുറിച്ചുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്. തന്നെ പിടിക്കാൻ കഴിയില്ലെന്ന് യുവതി ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രതികരണവും യുവതിക്കെതിരെ പൊലീസ് ഉന്നയിച്ചേക്കാം. എന്നാൽ താൻ സമൂഹത്തിനൊരു ഭീഷണിയല്ലെന്നും, തെറ്റായ മനുഷ്യരെ വിശ്വസിച്ചതിന് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നയാളാണെന്നും യുവതി പറഞ്ഞു.