മയക്കുമരുന്ന് പ്രതിസന്ധിയിൽ കാനഡയിലെ വാൻകൂവറിനെ കുറ്റപ്പെടുത്തി ട്രംപ് ഭരണകൂടം. അതിർത്തി അടച്ചിട്ടിട്ടും ഫെൻ്റനൈൽ ഇപ്പോഴും യുഎസിലേക്ക് എത്തുന്നുണ്ടെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മയക്കുമരുന്ന് കടത്തുകാർ എവിടെ നിന്നാണ് ഈ സാധനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് എന്ന് പട്ടേൽ ചോദിച്ചു.
നമ്മുടെ എതിരാളികൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും, റഷ്യയുമായും, ഇറാനുമായും ചേർന്ന് വിവിധ ക്രിമിനൽ സംരംഭങ്ങളിൽ പങ്കാളികളായിട്ടുണ്ട്. അവർ വാൻകൂവറിന് ചുറ്റും സഞ്ചരിക്കുന്നുണ്ടെന്ന് പട്ടേൽ കുറ്റപ്പെടുത്തി. വടക്കൻ അതിർത്തി സുരക്ഷിതമാക്കുന്നതിന് ഫെഡറൽ അധികാരികളിൽ നിന്നും മുൻ ഭരണകൂടങ്ങളിൽ നിന്നുമുള്ള സഹകരണക്കുറവാണ് അക്രമാസക്തമായ കുറ്റകൃത്യങ്ങൾ തുടരാൻ കാരണമെന്നാണ് പട്ടേലിൻ്റെ വിമർശനം. മയക്കുമരുന്നിൻ്റെ ഒഴുക്കിൽ ഇടപെടേണ്ടത് കാനഡയാണെന്ന് എല്ലാവർക്കും അറിയാം. കാരണം അവർ അത് ഉണ്ടാക്കി ഇവിടെ എത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ തെക്കൻ അതിർത്തിയിൽ മെക്സിക്കോയിൽ നിന്ന് വളരെ സഹകരണമാണ് ഉണ്ടാകുന്നതെന്നും കാഷ് പട്ടേൽ പറഞ്ഞു. കണക്കുകളിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പട്രോളിൻ്റെ ഏപ്രിലിലെ ഡാറ്റകളിൽ നിന്ന് വ്യക്തമാകുന്നത് മറ്റൊന്നാണ്. ഏപ്രിലിൽ വടക്കൻ അതിർത്തിയിൽ 6.3 കിലോഗ്രാം ഫെൻ്റനൈൽ പിടിച്ചെടുത്തപ്പോൾ മെക്സിക്കൻ അതിർത്തിയിൽ നിന്ന് പിടിച്ചെടുത്തത് ഏകദേശം 300 കിലോഗ്രാമാണ്.