വെസ്റ്റ് ബാങ്കിൽ പര്യടനം നടത്തുന്നതിനിടെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നേരെ ഇസ്രായേൽ പ്രതിരോധ സേനയുടെ വെടിവെപ്പ് ഉണ്ടായതിൽ പ്രതിഷേധം അറിയിച്ച് കനേഡിയൻ സർക്കാർ. ഇസ്രയേൽ അംബാസഡറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധം അറിയിച്ചത്. പ്രധാനമന്ത്രി മാർക്ക് കാർണി ഈ സാഹചര്യത്തെ തികച്ചും അസ്വീകാര്യം എന്നാണ് വിശേഷിപ്പിച്ചത്. എന്താണ് സംഭവിച്ചത് എന്നതിനുള്ള ഒരു വിശദീകരണം കാനഡ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെനിൻ നഗരത്തിൽ നയതന്ത്രജ്ഞർ പര്യടനം നടത്തുന്നതിനിടെ നടത്തിയ വെടി വെയ്പ്പിൽ ഇസ്രയേൽ സേന ഖേദം പ്രകടിപ്പിച്ചു. സംഘം അംഗീകൃത റൂട്ടിൽ നിന്ന് വ്യതിചലിച്ചതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഇസ്രയേൽ ,സേനയുടെ ന്യായീകരണം. അനുവാദമില്ലാത്തൊരു പ്രദേശത്ത് നിന്ന് സംഘത്തെ മാറ്റാൻ സൈനികർ മുന്നറിയിപ്പ് വെടിയുതിർത്താണെന്നും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സൈന്യം പറയുന്നു. പര്യടനം നടത്തുന്ന പ്രതിനിധി സംഘത്തിൽ നാല് കനേഡിയൻ പൗരന്മാർ ഉണ്ടായിരുന്നതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ് സോഷ്യൽ മീഡിയയിൽ സ്ഥിരീകരിച്ചു. അവരെല്ലാം സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്രയേലിൻ്റെ ഭാഗത്ത് നിന്ന് അന്വേഷണവും ഉത്തരവാദിത്തവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. കാനഡയുടെ ഗുരുതരമായ ആശങ്കകൾ അറിയിക്കാൻ ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ആനന്ദ് എക്‌സിൽ പോസ്റ്റ് ചെയ്തു.