രണ്ടാം പ്രവാസത്തിലെ യദു (കഥ ) ജോയ്സ് വര്‍ഗീസ്, കാനഡ

By: 600002 On: May 22, 2025, 2:00 PM



ജോയ്സ് വര്‍ഗീസ്, കാനഡ

 

 

പതിവു യാത്രകളേക്കാള്‍ വളരെയധികം പ്രത്യേകത നിറഞ്ഞതാണല്ലോ ഈ യാത്ര, അനിതയോര്‍ത്തു. ഇരുപത്തിയഞ്ചു വര്‍ഷങ്ങളായി, ഒരിക്കലും മുടങ്ങാത്ത യാത്ര. പക്ഷെ മുന്‍പൊക്കെ തോന്നിയിരുന്ന, നാട്ടിലെത്താനുള്ള വെമ്പല്‍, ഈ യാത്രയില്‍ ഒട്ടും ഇല്ലാതായിപ്പോയി.
വിമാനത്തില്‍ അവസാനത്തെ അനൗണ്‍സ്മെന്റ് മുഴങ്ങി, എയര്‍ ഹോസ്റ്റസ്, ശുഭ യാത്ര ആശംസിച്ചപ്പോള്‍ പതിവില്ലാത്ത നൊമ്പരം അരിച്ചിറങ്ങി. നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുള്ള മടക്കം. രക്തബന്ധത്തേക്കാള്‍ കരുത്തുള്ള കര്‍മ്മബന്ധങ്ങള്‍ ഇവിടെ മനസ്സില്ലാമനസ്സോടെ അഴിച്ചുവെക്കുന്നു.

സൗഹൃദങ്ങളുടെ ഇഴയടുപ്പം, ഇവിടെ ചില നഷ്ടങ്ങള്‍ തിരിച്ചുപിടിച്ചു, വേവലാതികളുടെ തീ ആളിപടരാതെ അണച്ചു കളഞ്ഞു. ആദ്യം തോന്നിയ വൈമുഖ്യത്തിന്റെ വിയര്‍പ്പു സൗഹൃദങ്ങള്‍ വീശിയകറ്റി. മെല്ലെ മെല്ലെ ഈ ഊഷരഭൂമിയോട് പൊരുത്തപ്പെട്ടു. അതു വളര്‍ന്നു മമതയായി. ദിവസവും കണ്ടുണരുന്ന കാഴ്ചകളും നടന്നു പരിചയിച്ച വഴികളും വഴിയോരത്തെ സുപരിചിതമായ കടകളും ഇനി അന്യമാകുന്നു. ഇപ്പോള്‍ ഇവിടം വിട്ടുപോകുമ്പോള്‍ മനസ്സു തേങ്ങുന്നു. ഒരു രണ്ടാം പ്രവാസത്തിന്റെ ഉണര്‍ത്തുപ്പാട്ട് തന്നെ തെല്ലു അലോസരപ്പെടുത്തുന്നു.

മറ്റു പലരെയും പോലെയല്ലല്ലോ, മക്കളില്ലാത്ത ഞങ്ങള്‍. അനിതയുടെ മുഖം വലിഞ്ഞു മുറുകി. അവള്‍ അടുത്തിരിക്കുന്ന ഭര്‍ത്താവിനെ നോക്കി. സുരേഷും എന്തോ ആലോചിക്കുന്നു, എന്നു മാത്രം കരുതാന്‍ അവള്‍ കൊതിച്ചു.

നീണ്ട കാലയളവില്‍ ചെയ്തിരുന്ന ജോലിയും സഹപ്രവര്‍ത്തകരും അയാളുടെ മനസ്സിലും മായാത്ത ചിത്രങ്ങള്‍ കോറിയിരിക്കും. പരോപകാരിയും ഏവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന സുരേഷിനെ ആര്‍ക്കാണ് ഇഷ്ടപ്പെടാതിരിക്കുവാന്‍ കഴിയുക? തന്നെപോലെ, വിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന ഏകാന്തതയെ സുരേഷും ഭയക്കുന്നുണ്ടാകുമോ?

വര്‍ഷങ്ങള്‍ക്കുള്ളില്‍, വളര്‍ന്ന കുടുബങ്ങള്‍, ബന്ധുക്കളെ സ്വന്തം തിരക്കുകളിലേക്ക് ചുഴറ്റിയെറിഞ്ഞു. ക്രമേണ ഒറ്റപ്പെട്ട തുരുത്തായി, അനിതയുടേയും സുരേഷിന്റേയും ഓരോ അവധിക്കാലവും. അവരുടെ ദിവസങ്ങളില്‍ നിന്നും ആരവം  ഒഴിഞ്ഞുപ്പോയിരുന്നു.

അനന്തമായ വിഹായസ്സില്‍, തന്നെ വലിച്ചുപറക്കുന്ന പക്ഷിയുടെ നേര്‍ത്ത കുറുകലില്‍, പൊങ്ങി മറഞ്ഞു ഉടയുന്ന മേഘക്കൂട്ടങ്ങളില്‍ രൂപങ്ങള്‍ മെനഞ്ഞു, അവള്‍ സുരേഷിന്റെ ചുമലില്‍ ചാരി മെല്ലെ മയങ്ങി.കുറെ ദിവസത്തെ ഒതുക്കിപെറുക്കലിന്റെ തിരക്കില്‍ നിന്നും അനിത മെല്ലെ അടര്‍ന്നു മാറി. വിരസമായ പകലുകള്‍ അവര്‍ക്കിടയില്‍ ചുരുള്‍നിവര്‍ത്തി.

ചെറിയ കാറ്റില്‍ സൂചിരൂപം പൂണ്ടു മഴ കാറ്റില്‍ ചാഞ്ഞും ചെരിഞ്ഞും നൃത്തമാടി. മഴയുടെ തണുപ്പില്‍, നനഞ്ഞു കുതിര്‍ന്ന മണ്ണില്‍ ഇളം പച്ചപ്പ് മെല്ലെ തലനീട്ടി. ഓരത്തു വലിച്ചെറിഞ്ഞ, പൊട്ടിയ കളിമണ്‍ പിഞ്ഞാണത്തുണ്ടുകള്‍, മഴ വെള്ളം അവയെ കഴുകി വെളുപ്പിച്ചു. പൊടികഴുകിയിറങ്ങിയ വെള്ള പിഞ്ഞാണത്തുണ്ട് വെണ്‍ശോഭയോടെ തിളങ്ങി. മഴ തീര്‍ന്നു തെളിഞ്ഞ മാനം നോക്കിയിരിക്കുമ്പോളാണ് ഇരുമ്പുഗേറ്റ് തട്ടുന്ന സ്വരം കേട്ടത്. ഏകദേശം എഴുപതുവയസ്സിനോട് അടുത്തു പ്രായം വരുന്ന സ്ത്രീ, നീട്ടി വിളിച്ചു ചോദിച്ചു, 'ഇവിടെ പാല് വേണോ? വേണമെങ്കില്‍ കൊണ്ടു തരാം'. 

മുന്നിലെ അല്പം നീളം കൂടിയ പല്ലുകള്‍ പുറത്തേക്കു ഉന്തി നില്‍ക്കുന്നു. അവരുടെ ചുണ്ടുകള്‍ അതിനുമുകളില്‍ ഉയര്‍ന്നു നിന്നിരുന്നു. അതുകൊണ്ടായിരിക്കും, അവര്‍ തീരെ ചിരിക്കാത്തതും തികച്ചും ഗൗരവഭാവം അവരില്‍ എഴുന്നു നില്‍ക്കുന്നതെന്നും അവള്‍ക്കു തോന്നി. അവരെ അടുത്തു വിളിച്ചു കാര്യങ്ങള്‍ തിരക്കി.'പാല് വൈകീട്ട് മതിയോ?', അവര്‍ ചോദിച്ചു.'എന്നാല്‍ അങ്ങനെ ആയ്‌ക്കോട്ടെ,' തനിക്കു കാര്യമായി തിരക്കൊന്നും ഇല്ലല്ലോ, അനിത കരുതി. പിറ്റേന്ന് പടികടന്നു വന്നത് ഒരു യുവതിയും മൂന്നു വയസ്സുവരുന്ന ഒരു ആണ്‍കുട്ടിയുമായിരുന്നു.

അവളുടെ വലിയ തുണിസഞ്ചിയില്‍ പാല്‍ കുപ്പികള്‍ നിറച്ചു വെച്ചിരുന്നു. അല്പം മെലിഞ്ഞ വട്ടമുഖകാരി. തിളങ്ങുന്ന കണ്ണുകളും വിടര്‍ന്ന ചിരിയും കുളിപിന്നലുള്ള ഈറന്‍ മുടിയും നെറ്റിയിലെ ചുവന്ന പൊട്ടും ആ യുവതിയെ ആകര്‍ഷകയാക്കിയിരുന്നു. സാരിത്തുമ്പു മെല്ലെ കടിച്ചുവലിച്ചു അമ്മയുടെ പുറകില്‍ ഒളിച്ചും എത്തിനോക്കിയും കളിക്കുന്ന മകനും അമ്മയുടെ അതെ ഛായയെന്നു തോന്നി. ആ പിഞ്ഞാണത്തുണ്ടുകളുടെ അതെ തിളക്കം അവന്റെ വലിയ കണ്ണുകള്‍ക്കും സ്വന്തമായിരുന്നു.

'എന്താ പേര്?', അനിത ചോദിച്ചു.

'യദൂന്നാ.....' ,അവന്‍ അമ്മയുടെ സാരിത്തലപ്പില്‍ മുഖം പൂഴ്ത്തി.

' യദുകൃഷ്ണന്‍', അവന്റെ അമ്മ വാത്സല്യത്തോടെ അവന്റെ നെറുകയില്‍ തഴുകി.

' നല്ല പേര്', അനിത കുനിഞ്ഞുനിന്നു അവന്റെ താടി പിടിച്ചുയര്‍ത്തി. അവന്‍ നാണിച്ചുചിരിച്ചു, അവന്റെ അമ്മയോട് കൂടുതല്‍ ചേര്‍ന്നുനിന്നു.
ദിവസങ്ങള്‍ അവര്‍ക്കിടയിലെ അപരിചിതത്തിന്റെ പാളി മെല്ലെ അലിയിച്ചുകൊണ്ടിരുന്നു.

ഞാനിവിടെ കളിച്ചോട്ടെ?, യദു അനിതയുടെ വീട്ടില്‍ കളിയ്ക്കാന്‍ അവന്റെ അമ്മയോടു അനുവാദം ചോദിച്ചു.
' ഉം... കുറുമ്പൊന്നും കാട്ടരുത് കേട്ടോ, ഒരു താക്കീതോടെ അവന്റെ അമ്മ സമ്മതം കൊടുത്തു.

അനിതയുടെ വലിയ വീടിന്റെ ഓരോ മുറികളിലും അവന്‍ ഓടിനടന്നു. ഗോവണിപ്പടികള്‍ ചവിട്ടികയറിയിറങ്ങി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. വീടിന്റെ ചുമരുകളില്‍ കൈകള്‍ ഉരുമ്മി, കൈത്തലം ഊക്കില്‍ അടിച്ചുചിരിച്ചു.

യദുവിനു വേണ്ടി പലഹാരവും കളിപ്പാട്ടങ്ങളും കാത്തുവെക്കുന്ന അനിതയെ നോക്കി സുരേഷ് നെടുവീര്‍പ്പിട്ടു. പക്ഷെ അവളില്‍ വന്നു ചേര്‍ന്ന പ്രസരിപ്പ്, മറിച്ചൊന്നും പറയാന്‍ അയാളെ അനുവദിച്ചില്ല.

കുറേക്കാലം കാത്തിരുന്ന ആശുപത്രി ഇടനാഴികള്‍ ചുരത്തിയ മൗനം അവളില്‍ കൂടുകൂട്ടിയിരുന്നു.

'  Let's hope for the best.' ,

നീണ്ട ചികിത്സക്കു ശേഷം, പ്രതീക്ഷ കൈവിടരുതെന്നു പറയാന്‍ ബുദ്ധിമുട്ടിയിരുന്ന ഡോക്ടറുടെ മുഖത്തേക്ക് മരവിച്ച നോട്ടമയച്ചിരുന്ന അനിത അയാളുടെ മനസ്സിലെ നെരിപ്പോടായിരുന്നു.

യദുവിന്റെ കളിചിരികള്‍  ഏറ്റുവാങ്ങി അനിതയും വീടും ചിരിച്ചു. അവനായി ദിവസവും അനിത കാത്തിരുന്നു. അവള്‍ ഓരോ ദിവസത്തിലേക്കും ഉറങ്ങിയെഴുന്നേല്‍ക്കുന്നത് അവന്റെ വിശേഷങ്ങള്‍ സുരേഷിനോട് പങ്കുവെച്ചായിരുന്നു.

പതിവു സംസാരത്തിനിടയില്‍ യദുവിന്റെ പിറന്നാള്‍ പാറിവീണു.

'എന്തുടുപ്പാണ് മോനു പിറന്നാളിന് വേണ്ടത്?', അനിത തിരക്കി.
'ചോപ്പ് മതി ... ', യദു കൊഞ്ചിപ്പറഞ്ഞു,   ഉടനെ അവന്റെ ഇഷ്ടപ്പെട്ട പന്തുകളിയിലേക്കു ഓടിപ്പോയി. തിരിഞ്ഞു ഉരുളുന്ന പന്തു കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമപ്പെട്ടു.

യദുവിനു ഉടുപ്പു തിരയുന്ന അനിതയെ സുരേഷ് സാകൂതം നോക്കിനിന്നു. പക്ഷെ തൃപ്തി വരാതെ വീണ്ടും വീണ്ടും മുന്നില്‍ നിറയുന്ന വസ്ത്രം കൂമ്പാരത്തില്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന അനിതയുടെ ഭാവം അയാളെ ഭയപ്പെടുത്താന്‍ തുടങ്ങി.
ആ കുട്ടി അവളുടെ ജീവിതത്തില്‍, ചേക്കേറി കഴിഞ്ഞെന്നു അയാള്‍ക്ക് ബോധ്യമായി.

യദുവിനെ ആ ഉടുപ്പണിയിച്ചു  എടുത്തുപൊക്കി, അനിതയവനെ വട്ടം കറക്കി. അവരുടെ ചിരിക്കു അകമ്പടിയായി മഴ ഇരുമ്പിയാര്‍ത്തു.

പിറ്റേന്ന്,യദുവിന്റെ അമ്മമാത്രം വന്നപ്പോള്‍ അനിത തിരക്കി,
' മോനെവിടെ, കണ്ടില്ലല്ലോ? '
' അത്... അവന്‍ വന്നില്ല... '
അവള്‍ വിക്കി വിക്കി പറഞ്ഞു. എന്തോ അവള്‍ ഒളിക്കുന്നുണ്ടെന്നും, പറയാന്‍ പ്രയാസപ്പെടുന്നുണ്ടെന്നും അനിതക്കു തോന്നി.
'കുറച്ചു തിരക്കുണ്ട് ', അവള്‍ അനിതക്കു മുഖം കൊടുക്കാതെ പറഞ്ഞു.
ധൃതിയില്‍ പടികടന്നു പോകുന്ന യദുവിന്റെ അമ്മ, അനിതയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി.

നനഞ്ഞ മണ്ണില്‍ കറുത്ത തേരട്ടകള്‍ ഇഴഞ്ഞു, മതിലിനരികില്‍ ഇഴഞ്ഞു കയറി ചുരുണ്ടു കുറുകി.

പിറ്റേന്ന്, മനപ്പൂര്‍വം യദുവിനെ തേടാതിരുന്ന അനിതയോടു അവള്‍ പറഞ്ഞു,
' എന്നോട് വിഷമം തോന്നരുത്,ചേച്ചി... അവന്റെ അച്ഛമ്മ ഇങ്ങോട്ട് കൊണ്ടുവരരുത് എന്നു പറഞ്ഞു. കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ആശ കൊടുക്കരുത് എന്നു പറഞ്ഞു. അതു കുട്ടിക്ക് ദോഷാത്രേ...., അവള്‍ താഴെ പൂഴി മണ്ണില്‍ നോക്കിനിന്നു.

അനിത വാക്കുകള്‍ക്കായി ഉഴറി. അവളുടെ മുഖത്തെ പേശികള്‍ വലിഞ്ഞു മുറുകി.'മോനെ ഇങ്ങോട്ടു കൊണ്ടുവരുന്നുവെന്ന് പറഞ്ഞ് അമ്മയെന്നെ എപ്പോഴും ചീത്തയാണ്. ഞാന്‍ എന്തു ചെയ്യാനാണ്  ചേച്ചി? '. ആ യുവതി  തൊണ്ടയില്‍ കുരുങ്ങിയ തേങ്ങല്‍ ഒതുക്കി, സാരിത്തലപ്പുകൊണ്ടു മുഖം തുടച്ചു.

' ഏയ്, സാരമില്ല.... നീ വിഷമിക്കേണ്ട, പ്രായമായവരല്ലെ? അവരുടെ ചില വിശ്വാസങ്ങള്‍. പിന്നെ എനിക്കിതൊക്കെ ശീലമായി. '

അനിതയുടെ ചിലമ്പിച്ച ശബ്ദം സന്ധ്യയുടെ ചുവപ്പില്‍ അലിഞ്ഞു. അവരുടെ നോട്ടം പരസ്പരം കൂട്ടിമുട്ടാതിരിക്കാന്‍ രണ്ടുപേരും ശ്രമിച്ചു.

'ഒന്നു നില്‍ക്കൂ... ദാ ഞാന്‍ ഇപ്പോള്‍ വരാം', അനിത ധൃതിയില്‍ ഊണുമുറിയിലേക്ക് നടന്നു. സുരേഷ് അവളെ കണ്ടു മുഖം തിരിച്ചു  ജനാലയിലൂടെ പുറത്തേക്കു നോക്കി. അയാള്‍ സാന്ത്വന വാക്കുകള്‍ക്കായി തിരച്ചില്‍ തുടങ്ങിയിരുന്നു.

യദുവിനായ് കരുതിവെച്ചിരുന്ന ഗുലാബ് ജാമുന്‍ നിറച്ച ചെറിയ കളിമണ്‍കോപ്പ, അനിത യദുവിന്റെ അമ്മയെ ഏല്പിച്ചു. കോപ്പയില്‍ നിന്നും മധുരത്തുള്ളികള്‍ പുറത്തേക്ക് തെറിച്ചു വീണു നിലം നനച്ചു.

'ഈ പാത്രം നാളെ കൊണ്ടു വരാം ചേച്ചി, യദുവിന്റെ അമ്മ പറഞ്ഞു.

'വേണ്ട, അതു വെച്ചോളൂ... ഈ ചെറിയ കോപ്പ അവനു വല്യേ ഇഷ്ടമാണ്. ഇനി ഇതിന്റെ ആവശ്യം ഇവിടെയില്ലല്ലോ. '

അനിത പുഞ്ചിരിക്കാന്‍ ശ്രമിച്ചു, അവളെ യാത്രയാക്കി, തിടുക്കത്തില്‍  വീട്ടിനുള്ളിലേക്ക് കയറിപ്പോയി.

ഇരുണ്ട മാനം അടുത്ത മഴയ്ക്കായി കറുത്ത മേഘങ്ങളെ ഗര്‍ഭം ധരിച്ചു.
ചാരുപടിയില്‍ ചാരിയിരുന്നു അനിത ആ മേഘങ്ങളെ നോക്കി.
സുരേഷ്, അവളുടെ അടുത്തു വന്നിരുന്നു.
'ഹേയ്... നിനക്കു  വിഷമമായോ?, അയാളുടെ ശബ്ദം നേര്‍ത്തിരുന്നു.
അവള്‍ മറുപടി പറഞ്ഞില്ല.

പ്രവാസജീവിതത്തിന്റെ അന്ത്യം, ഒരു ഒഴിഞ്ഞുപോകലല്ലേ? അവകാശപ്പെടാന്‍ അനുവദിക്കാത്തൊരിടം.

അയാളുടെ കൈവിരലുകള്‍ അവളുടെ കണ്‍തടങ്ങളില്‍ ഉരസ്സി.
വിരലുകളില്‍ കണ്ണീരിന്റെ ഈര്‍പ്പം പടര്‍ന്നില്ല.
അവളുടെ കണ്ണുനീര്‍ എന്നേ വറ്റിപോയിരുന്നു.