യുഎസിലെ ട്രക്ക് ഡ്രൈവർമാർക്ക് ഇംഗ്ലിഷ് പരിജ്ഞാനം നിർബന്ധമാക്കുന്ന ട്രംപിൻ്റെ ഉത്തരവിൽ ഗതാഗത സെക്രട്ടറി ഷോൺ ഡഫി ഒപ്പു വെച്ചു. ഇതോടെ ഏപ്രിൽ 28 ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവാണ് പ്രാബല്യത്തിൽ ആയത്.
ഇംഗ്ലീഷ് മനസ്സിലാകാത്തൊരു ഡ്രൈവർ, ഈ രാജ്യത്ത് വാഹനമോടിക്കില്ലെന്ന് ഉറപ്പാക്കുന്ന മാർഗ്ഗനിർദ്ദേശം ഞങ്ങൾ പുറപ്പെടുവിക്കുന്നു എന്നാണ് ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞത്. പ്രൊഫഷണൽ ട്രക്ക് ഡ്രൈവർമാരുടെ കൃര്യത്തിൽ ഇംഗ്ലീഷിൽ പ്രാവീണ്യം നിർബന്ധമാണെന്നും അതിൽ വിട്ടു വീഴ്ചയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവർമാർക്ക് ട്രാഫിക് അടയാളങ്ങൾ വായിക്കാനും മനസ്സിലാക്കാനും ഒപ്പം ഗതാഗത സുരക്ഷയുമായി ആശയവിനിമയം നടത്താനും ഇംഗ്ലീഷ് അനിവാര്യമാണെന്ന് ഉത്തരവിൽ പറയുന്നു. അതിർത്തി പട്രോളിംഗ്, കാർഷിക ചെക്ക്‌പോസ്റ്റുകൾ എന്നിവയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും കഴിയണമെന്ന് ട്രംപിൻ്റെ ഉത്തരവിൽ പറയുന്നു. അമേരിക്കൻ ട്രക്കിംഗ് വ്യവസായത്തിൽ ഗണ്യമായ സാന്നിധ്യമുള്ള സിഖ് സമൂഹത്തിന് ഈ തീരുമാനത്തിൽ ആശങ്കകൾ ഉണ്ടെന്ന് സിഖ് കോയലിഷൻ പറഞ്ഞു. ഏകദേശം 150,000 സിഖുകാർ ട്രക്കിംഗ് വ്യവസായത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും അവരിൽ 90% പേരും ഡ്രൈവർമാരാണെന്നും ദി ഇക്കണോമിസ്റ്റിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു