ആല്‍ബെര്‍ട്ട എഐ ഗവേഷണ സ്ഥാപനത്തിന് ഗൂഗിളിന്റെ വക അഞ്ച് മില്യണ്‍ ഡോളര്‍ ഗ്രാന്റ് 

By: 600002 On: May 22, 2025, 1:05 PM

 

 

കാനഡയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവയില്‍ ഗൂഗിള്‍ നിക്ഷേപം നടത്തുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ചാരിറ്റബിള്‍ വിഭാഗമായ Google.org ആല്‍ബെര്‍ട്ട മെഷീന്‍ ഇന്റലിജന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്(Amii) 5 മില്യണ്‍ ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ചു. പോസ്റ്റ്-സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് AI കഴിവുകള്‍ മെച്ചപ്പെടുത്തുകയും രാജ്യത്തിന്റെ AI അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. എഡ്മന്റണില്‍ നടന്ന അപ്പര്‍ ബൗണ്ട് എന്ന എഐ കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ പ്രഖ്യാപനം നടത്തിയത്. 

കാനഡയിലുടനീളം 25 പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളുടെ ദേശീയ കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്നതിനായി Amii  ഈ ഫണ്ടിംഗ് ഉപയോഗിക്കുമെന്ന് അറിയിച്ചു. ഇത് ഏകദേശം 125,000 വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചേരും. AI  പാഠ്യപദ്ധതി സാമഗ്രികള്‍ വികസിപ്പിക്കുകയും നിലവിലുള്ള കോഴ്‌സുകളുമായി സംയോജിപ്പിക്കുകയും ചെയ്യും. 

AI അഡോപ്ഷനില്‍ കാനഡ പിന്നിലാണെന്നും ഈ നിക്ഷേപം ആ വിടവ് നികത്താന്‍ സഹായിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. കൃത്രിമ ബുദ്ധി കൂടുതലായി ഉപയോഗിക്കുന്നത് കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും ശരാശരി തൊഴിലാളികളെ പ്രതിവര്‍ഷം 175 മണിക്കൂറിലധികം ലാഭിക്കാമെന്നും കമ്പനി കണക്കാക്കുന്നു.