വാന്‍കുവറിലെ വാഹനാപകടം: ഗുരുതരമായി പരുക്കേറ്റ നേപ്പാളി വിദ്യാര്‍ത്ഥിക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നു 

By: 600002 On: May 22, 2025, 11:44 AM

 

 

വാന്‍കുവറില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നേപ്പാളി വിദ്യാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ഒരുമിച്ച് ബ്രിട്ടീഷ് കൊളംബിയയിലെ നേപ്പാളി സമൂഹം. കാഠ്മണ്ഡുവില്‍ നിന്ന് അടുത്തിടെ കാനഡയില്‍ എത്തിയ നേപ്പാളി വിദ്യാര്‍ത്ഥിയായ സന്ദീപ് പോഡലാണ് അപകടത്തില്‍പ്പെട്ടത്. മെയ് 13 ന് ഉച്ചയ്ക്ക് 2.30 ന് ഡ്രേക്ക് സ്ട്രീറ്റിന്റെയും പസഫിക് ബൊളിവാര്‍ഡിന്റെയും ഇന്റര്‍സെക്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. നടന്നുപോവുകയായിരുന്ന സന്ദീപിനെ വാഹനമിടിക്കുകയായിരുന്നു. 

ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ് സന്ദീപ് കാനഡയിലെത്തിയത്. മനസ് നിറയെ സ്വപ്‌നങ്ങളും അഗ്രഹങ്ങളുമായെത്തിയ സന്ദീപ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. യൂണിവേഴ്‌സിറ്റി കാനഡ വെസ്റ്റില്‍ എംബിഎ വിദ്യാര്‍ത്ഥിയാണ് സന്ദീപ്. സന്ദീപിനായി നേപ്പാള്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ(NCSBC),  നോണ്‍-റെസിഡന്റ് നേപ്പാളി അസോസിയേഷന്‍(NRNA) എന്നീ സംഘടനകള്‍ ചേര്‍ന്ന് GoFundMe പേജ് ആരംഭിച്ചിട്ടുണ്ട്.  

 ഗോഫണ്ട്മീ വഴി 10,000 ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവരെ 2500 ഡോളറിലധികം സമാഹരിച്ചതായി സംഘടനകള്‍ പറഞ്ഞു. സന്ദീപിന്റെ അടിയന്തര ചികിത്സാ ചെലവുകള്‍, തുടര്‍ പരിചരണം, കുടുംബത്തിന് സഹായം എന്നിവയ്ക്കായി എല്ലാ ഫണ്ടുകളും ഉപയോഗിക്കുമെന്ന് NCSBC, NRNA Canada എന്നിവര്‍ അറിയിച്ചു.