എഎച്ച്എസ് ആരോഗ്യ കരാര്‍ അഴിമതി: പൊതു അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തം 

By: 600002 On: May 22, 2025, 10:03 AM

 

 

ഗ്ലോബല്‍ ആന്‍ഡ് മെയിലിന്റെ പുതിയ അന്വേഷണ റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസിന്റെ ആരോഗ്യ കരാറുകള്‍ സംബന്ധിച്ച് നടക്കുന്ന അഴിമതിയെക്കുറിച്ച് പൊതു അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. എഎച്ച്എസ് മുന്‍ സിഇഒ അഥാന മെന്റ്‌സെലോ പൗലോസ് ഫെബ്രുവരിയില്‍ ഫയല്‍ ചെയ്ത കേസില്‍, ബിസിനസ്സുകാരനായ സാം മറൈഷയും അദ്ദേഹത്തിന്റെ കമ്പനികളും ആല്‍ബെര്‍ട്ട സര്‍ക്കാരുമായി 600 മില്യണ്‍ ഡോളറിലധികം ആരോഗ്യ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെന്ന് പറയുന്നു. 

കഴിഞ്ഞ വര്‍ഷം മറൈഷയും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും ഒരു ഓയിലേഴ്‌സിന്റെ ഗെയ്മില്‍ പങ്കെടുത്തതായും പറയുന്നു. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, ഡാനിയേല്‍ സ്മിത്തിന്റെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് മാര്‍ഷല്‍ സ്മിത്ത് സാം മറൈഷിന്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. 

എഎച്ച്എസ് കരാര്‍ അഴിമതി സംബന്ധിച്ച ആരോപണങ്ങള്‍ ആര്‍സിഎംപി അന്വേഷണത്തിനും, മുന്‍ മാനിറ്റോബ ജഡ്ജിയുടെ നേതൃത്തില്‍ സര്‍ക്കാര്‍ അവലോകനത്തിനും, ആല്‍ബെര്‍ട്ട ഓഡിറ്റര്‍ ജനറലിന്റെ ആരോഗ്യ പരിപാലന സംഭരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനും കാരണമായി. 

എന്നാല്‍ ആരോപണങ്ങളില്‍ പൊതു അന്വേഷണം നടക്കണമെന്നാണ് വിവിധയാളുകള്‍ ഉന്നയിക്കുന്നത്. ജുഡീഷ്യല്‍ നേതൃത്വത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതിന് പ്രീമിയര്‍ മടിച്ചു നില്‍ക്കുകയാണെന്ന് മൗണ്ട് റോയല്‍ യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് ഡുവാന്‍ ബ്രാറ്റ് മാധ്യമങ്ങളോട് പറഞ്ഞു. 

ഇതിനിടെ, ഗ്ലോബ് ആന്‍ഡ് മെയിലിനും മെന്റ്‌സെലോ പൗലോസിനും എതിരെ മാനനഷ്ടം ആരോപിച്ച് മുന്‍ ചീഫ് ഓഫ് സ്റ്റാഫ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.