ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമാകാൻ കാനഡ ആവശ്യപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഗോൾഡൻ ഡോം സംവിധാനത്തിൻ്റെ ഭാഗമാകാൻ ആഗ്രഹം അറിയിച്ച് കാനഡ ബന്ധപ്പെട്ടിരുന്നു എന്നും പതിവുപോലെ തങ്ങൾ കാനഡയെ സഹായിക്കും എന്നുമായിരുന്നു ട്രംപിൻ്റെ വാക്കുകൾ. ട്രംപിൻ്റെ പ്രസ്താവനയോട് കനേഡിയൻ സർക്കാർ ഇത് വരെ പ്രതികരിച്ചിട്ടില്ല.
രാജ്യസുരക്ഷ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ സംവിധാനം ഡോണാൾഡ് ട്രംപ് അവതരിപ്പിച്ചത്. ഏകദേശം 17,500 കോടി ഡോളർവരെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 2500 കോടി ഡോളറിൻ്റെ പ്രാഥമിക ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംവിധാനം മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമാണം പൂർണ്ണമായാൽ ഗോൾഡൻ ഡോമിന് ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽനിന്നോ ബഹിരാകാശത്തുനിന്നോ വിക്ഷേപിക്കുന്ന മിസൈലുകളെ പോലും തടയാൻ കഴിയും. രാജ്യത്തിൻ്റെ വിജയത്തിനും നിലനിൽപ്പിനും ഇത് വളരെ പ്രധാനമാണെന്ന് ട്രംപ് പറഞ്ഞു. യുഎസ് ബഹിരാകാശ സേന ജനറൽ മൈക്കിൾ ഗെറ്റ്ലീൻ പദ്ധതിക്ക് നേതൃത്വം നൽകും. അതേസമയം, റഷ്യയും ചൈനയും പദ്ധതിയെ എതിർത്തു. പദ്ധതി ബഹിരാകാശത്തെ യുദ്ധക്കളമാക്കി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ഇരു രാജ്യങ്ങളും അഭിപ്രായപ്പെട്ടതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു