കാനഡയിലെ ഫെൻ്റനൈൽ സൂപ്പർ ലബോറട്ടറികൾ അമേരിക്കയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് ഏജൻസി. മയക്കുമരുന്ന് കടത്തുകാരും കാർട്ടലുകളും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോർട്ടിലാണ് യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് ഏജൻസി ഇക്കാര്യം വ്യക്തമാക്കുന്നത്. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയതിന് പിന്നിലെ പ്രധാന കാരണമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൂണ്ടിക്കാണിച്ചതും ഫെൻ്റനൈൽ കള്ളക്കടത്ത് ആയിരുന്നു.
മെക്സിക്കോയിൽ നിന്നുള്ള ഫെൻ്റനൈൽ കള്ളക്കടത്തിലും വിതരണത്തിലും ഉണ്ടാകുന്ന തടസ്സങ്ങൾ നികത്താൻ കാനഡയിൽ നിന്നുള്ള ഉൽപ്പാദനത്തിന് കഴിയുമെന്ന് റിപ്പോർട്ട് പറയുന്നു. നിയമവിരുദ്ധ മയക്കുമരുന്നുകൾ അമേരിക്കയ്ക്ക് ഉയർത്തുന്ന ഭീഷണികൾക്കും വെല്ലുവിളികൾക്കും ഒപ്പം വിതരണക്കാരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഡിഇഎ പുറത്തിറക്കിയ റിപ്പോർട്ട് പ്രതിപാദിക്കുന്നുണ്ട്. 2023 ഒക്ടോബറിനും 2024 ഒക്ടോബറിനും ഇടയിൽ, 84,000-ത്തിലധികം അമേരിക്കക്കാരാണ് മയക്കുമരുന്നിൻ്റെ അമിത ഉപയോഗം മൂലം മരിച്ചതെന്ന് റിപ്പോർട്ടിലുണ്ട്. കാനഡയുടെ യിലെ ഫെൻ്റനൈൽ ഉൽപാദനത്തിന് പുറമേ, പ്രധാന മെക്സിക്കൻ മയക്കുമരുന്ന് കാർട്ടലുകളുടെ പ്രവർത്തനങ്ങളും വടക്കേ അമേരിക്കയിൽ ഫെൻ്റനൈൽ ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ചേരുവകൾ കയറ്റുമതി ചെയ്യുന്നതിൽ ചൈനയുടെ പങ്ക് എന്നിവയെക്കുറിച്ചും റിപ്പോർട്ട് വിശദമായി പറയുന്നുണ്ട്. യുഎസിലേക്ക് കള്ളക്കടത്തിലൂടെ എടത്തുന്ന മയക്കുമരുന്നുകളിൽ ഭൂരിഭാഗവും മെക്സിക്കോയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി വഴിയാണ് വരുന്നത്. 2024-ൽ, 21,000 പൗണ്ട് ഫെൻ്റനൈലും, 158,000 പൗണ്ട് മെത്താംഫെറ്റാമൈനും, 56,000 പൗണ്ടിലധികം കഞ്ചാവുമാണ് ഇവിടെ നിന്ന് യുഎസ് അതിർത്തി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.