ട്രംപ് ഭരണകൂടത്തിന്റെ താരിഫുകള്‍ മൂലം ഉപഭോക്താക്കളുടെ ചെലവുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച്, ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുബാരു അമേരിക്കയിലെ നിരവധി മോഡലുകളുടെ വില വര്‍ധിപ്പിക്കുകയാണെന്ന് അറിയിച്ചു. നിലവിലെ വിപണി സാഹചര്യങ്ങള്‍ക്കനുസൃതമായാണ് കാറുകള്‍ക്ക് വര്‍ധനവ് വരുത്തിയതെന്ന് സുബാരു പ്രസ്താവനയില്‍ പറഞ്ഞു.
ഉപഭോക്താവിന് മികച്ച മൂല്യം ഉറപ്പാക്കുന്നതിനൊപ്പം വര്‍ധിച്ച ചെലവുകള്‍ കുറയ്ക്കുന്നതിനാണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് കമ്പനി പറയുന്നു. ഈ വര്‍ഷം താരിഫുകള്‍ മൂലം തങ്ങള്‍ക്ക് എത്ര ചെലവാകുമെന്ന് കാര്‍ എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥര്‍ അടുത്തിടെ നിക്ഷേപകരുമായി പങ്കുവെച്ചിരുന്നു. ഡെട്രോയിറ്റിലെ ചില വിദഗ്ധര്‍ പറയുന്നത് 5 ബില്യണ്‍ ഡോളര്‍ അധികം വരെ ചെലവാകുമെന്നാണ്.
ഡീലര്‍ വെബ്‌സൈറ്റിലെ കണക്കുകള്‍ പ്രകാരം, മോഡല്‍, ട്രിം അനുസരിച്ച് സുബാരു വാഹനങ്ങള്‍ക്ക് 750 ഡോളര്‍ മുതല്‍ 2,055 ഡോളര്‍ വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്ന് അറിയിപ്പില്‍ പറയുന്നു. റിസര്‍ച്ച് കമ്പനിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ മൊബിലിറ്റിയുടെ 2024 ലെ ഡാറ്റ പ്രകാരം, അമേരിക്കയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ 45 ശതമാനവും സുബാരുവാണ് ഇറക്കുമതി ചെയ്യുന്നത്.
താരിഫുകളുടെ പശ്ചാത്തലത്തില്‍ മറ്റ് കാര്‍ നിര്‍മാണ കമ്പനികളും തങ്ങളുടെ വാഹനങ്ങളുടെ വിലയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ മാസം ആദ്യം മെക്‌സിക്കോയില്‍ നിര്‍മ്മിച്ച മൂന്ന് മോഡലുകളുടെ വില 2,000 യുഎസ് ഡോളര്‍ വരെ ഫോര്‍ഡ് മോട്ടോര്‍ വര്‍ധിപ്പിച്ചിരുന്നു. ട്രംപിന്റെ താരിഫുകളോട് പ്രതികരിച്ച ആദ്യത്തെ പ്രധാന വാഹന നിര്‍മാതാക്കളിലൊരാളാണ് ഫോര്‍ഡ്.