ഗാസയിൽ ഇസ്രയേൽ നടത്തിയ സൈനിക നടപടിയെ എതിർത്ത യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് ഇസ്രയേൽ വീണ്ടും തടഞ്ഞാൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്ന് യുകെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ ഇസ്രയേലിന് താക്കീത് നൽകിയിരുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനും പ്രശ്‌ന പരിഹാരത്തിനും വേണ്ടി യുഎസ്, ഖത്തർ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് യുകെയും ഫ്രാൻസും കാനഡയും പിന്തുണയ്‌ക്കുകയും ചെയ്‌തു.
ഇതിന് കടുത്ത ഭാഷയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മറുപടി നല്കിയത്. ഹമാസ് ഭീകരെ നശിപ്പിക്കുന്നതിനു മുൻപ് ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കണമെന്ന് പറയുന്നതിലൂടെ യുകെ, ഫ്രാൻസ്, കാനഡ ഭരണാധികരികൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് നെതന്യാഹു പറഞ്ഞു. തങ്ങള്‍ നടത്തിയത് പ്രാകൃത നടപടികൾക്കെതിരായ യുദ്ധമാണ്. പൂർണ വിജയം നേടുന്നതു വരെ ഇസ്രയേൽ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തിയിലെ ഹമാസ് ഭീകരരെ മുഴുവനായി തുടച്ചു നീക്കുകയെന്നത് ഇസ്രയേലിൻ്റെ നിലനില്പിന് അനിവാര്യമാണ്. ഇത് സാധ്യമാക്കും മുൻപ് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതിലൂടെ ഇസ്രയേലിന് എതിരെയുണ്ടായ വംശഹത്യ ആക്രമണങ്ങളെ പിന്തുണയ്ക്കുകയാണ് ഫ്രാൻസും കാനഡും ബ്രിട്ടനുമെല്ലാം ചെയ്യുന്നതെന്നും നെതന്യാഹു കുറ്റപ്പെടുത്തി.