ആൽബെർട്ടയുടെ വാർഷിക പണപ്പെരുപ്പ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തി. സ്റ്റാറ്റിറ്റിക്സ് കാനഡയുടെ കണക്കുകൾപ്രകാരം ഏപ്രിലിൽ 1.5 ശതമാനമാണ് ആൽബർട്ടയിലെ പണപ്പെരുപ്പ നിരക്ക്. ഏപ്രിലിലെ ദേശീയ പണപ്പെരുപ്പ നിരക്കായ 1.7 ശതമാനത്തേക്കാൾ താഴെയാണിത്. മാർച്ചിൽ 2.8 ശതമാനമായിരുന്നതാണ് ഏപ്രിലിൽ 1.5ലേക്ക് താഴ്ന്നത്. അറ്റ്ലാന്റിക് കാനഡയ്ക്ക് പുറത്തുള്ള ഏതൊരു പ്രവിശ്യയേക്കാൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഉപഭോക്തൃ കാർബൺ നികുതി നീക്കം ചെയ്തതും, എണ്ണ വില ഇടിഞ്ഞതും പണപ്പെരുപ്പ നിരക്ക് കുറയ്ക്കാൻ സഹായിച്ചതായി സ്റ്റാറ്റ്സ് കാനഡ പറയുന്നു. ഇത് പ്രധാനമായും പെട്രോൾ വിലയിൽ 18.1 ശതമാനത്തിൻ്റെ കുറവുണ്ടാക്കി. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് അനുസരിച്ച് കാൽഗറിയിൽ ഒരു ലിറ്റർ റെഗുലർ ഗ്യാസോലിൻ്റെ വില ഈ വർഷം ജനുവരിയിൽ 149.2 സെൻ്റായിരുന്നു. ഏപ്രിലിൽ ഇത് 130.2 സെൻ്റായി കുറഞ്ഞു. എഡ്മണ്ടണിൽ ജനുവരിയിൽ ലിറ്ററിന് 144.3 ആയിരുന്ന വില ഏപ്രിലിൽ 126.7 ആയി കുറഞ്ഞു. ദേശീയതലത്തിൽ പ്രകൃതിവാതകത്തിൻ്റെ വിലയിലും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 14.1 ശതമാനത്തിൻ്റെ കുറവാണ് ഉണ്ടായത്. എന്നാൽ പലചരക്ക് സാധനങ്ങളുടെ വിലയിൽ നേരിയ വിലവർധനയും രേഖപ്പെടുത്തി. കാൽഗറിയിലും എഡ്മൻ്റണിലും ഏപ്രിലിലെ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.