ഫാസ്റ്റ്ഫുഡ് പ്രേമികള്‍ക്ക് മുന്നറിയിപ്പ്; 62  ദിവസം കേടുകൂടാതെ മക്‌ഡൊണാള്‍ഡ്‌സ് ബര്‍ഗര്‍;  ആരോഗ്യത്തിന് ഹാനികരമെന്ന് ഡോക്ടര്‍ 

By: 600002 On: May 21, 2025, 8:39 AM

 

 


ഫാസ്റ്റ് ഫുഡ് പ്രേമികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ റോബര്‍ട്ട് ഡിബീസ്. ബര്‍ഗര്‍, പിസ പോലുള്ള ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍ കഴിക്കുന്നവരുടെ ആരോഗ്യം ഹാനികരമാകുന്നത് എങ്ങനെയെന്ന് കാണിക്കുകയാണ് അദ്ദേഹം. തന്റെ അടുക്കളയില്‍ വാങ്ങി സൂക്ഷിച്ചിരുന്ന മക്‌ഡൊണാള്‍ഡ്‌സ് ഹാംബര്‍ഗറും ഫ്രൈസും പാപ്പാ ജോണ്‍സ് പെപ്പറോണി പിസ്സയും 62 ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേടുകൂടാതെ ഇരുന്നതായി ഡോക്ടര്‍ പറയുന്നു. ഫാസ്റ്റ്ഫുഡ് പ്രേമികളെ ഭയപ്പെടുത്തുന്ന കാര്യമാണിതെന്ന് പറഞ്ഞ് തന്റെ അനുഭവം ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹം പങ്കുവെച്ചു. ജോര്‍ജിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാച്ചുറോപതി ഡോക്ടറാണ് അദ്ദേഹം.  

ആഴ്ചകള്‍ കഴിഞ്ഞ് കട്ടിയായി പാറപോലെ ഇരുന്നെങ്കിലും ഭക്ഷണത്തിന് മറ്റ് മാറ്റങ്ങളൊന്നും സംഭവിച്ചില്ലെന്ന് ഡിബീസ് പറയുന്നു. ആദ്യം ഓര്‍ഡര്‍ ചെയ്തപ്പോള്‍ എങ്ങനെ ഇരുന്നോ അതുപോലെ തന്നെയാണ് 62 ദിവസങ്ങള്‍ക്ക് ശേഷവും ബര്‍ഗറും പിസ്സയും ഇരുന്നതെന്നും ഒരു കേടും സംഭവിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഇത്തരം ഭക്ഷണങ്ങളില്‍ പുറംഭാഗത്ത് പുതുമ നിലനിര്‍ത്താനും ഉള്ളില്‍ ഭക്ഷണം അഴുകുന്നത് മന്ദഗതിയിലാക്കാനും നിരവധി രാസവസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍ അമിതമായി കഴിക്കുന്നവരെ അസുഖങ്ങള്‍ പിടിവിടാതെ പിന്തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രസതന്ത്ര പരീക്ഷണമാണ് വിഭവങ്ങളില്‍ നടക്കുന്നത്. രാസവസ്തു കലര്‍ന്ന ഭക്ഷണം ഒരിക്കലും ചീഞ്ഞുപോകുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം വിഭവങ്ങളൊന്നും യഥാര്‍ത്ഥ ഭക്ഷണമല്ല എന്ന് അദ്ദേഹം വീഡിയോയില്‍ ഉറപ്പിച്ച് പറയുന്നു.