മന്ത്രിസഭാ പുനസംഘടനയും ആരോഗ്യവകുപ്പിൻ്റെ വിഭജനവും ശരിയായ തീരുമാനമാണെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. രണ്ട് പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ അഴിച്ചു പണിയുകയും, മുൻ ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ചിനെ പുതിയ പ്രൈമറി ആൻ്റ് പ്രിവൻ്റീവ് ഹെൽത്ത് കെയർ മന്ത്രാലയത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്മിത്തിൻ്റെ പ്രതികരണം.
ആൽബെർട്ട ഹെൽത്ത് സർവീസസിനായി (AHS) ഒരു പ്രത്യേക മന്ത്രി എന്നത് തുടക്കം മുതൽ തൻ്റെ പരിഗണനയിൽ ഉണ്ടായിരുന്നതായി സ്മിത്ത് വ്യക്തമാക്കി. ഇതിന് പുറമെ സ്മിത്ത് മൂന്ന് മന്ത്രാലയങ്ങൾ കൂട്ടിച്ചേർക്കുകയും മറ്റ് പല മന്ത്രാലയങ്ങളുടെയും പേര് മാറ്റുകയും ചെയ്തു. ജേസൺ നിക്സണ് അസിസ്റ്റഡ് ലിവിംഗ്, സോഷ്യൽ സർവീസസ് പോർട്ട് ഫോളിയോയുടെ ചുമതല നല്കിയത് ഇതിൻ്റെ ഭാഗമായാണ്. മുതിർന്നവർ ചുമതല വഹിച്ചിരുന്ന മന്ത്രാലയത്തിലാണ് ജേസൺ നിക്സണെ നിയമിച്ചത്. കഴിഞ്ഞ ആഴ്ചയിൽ മുൻ മുനിസിപ്പൽ കാര്യ മന്ത്രി റിക്ക് മക്ഐവർ അസംബ്ലിയുടെ സ്പീക്കറായി നിയമിതനായിരുന്നു. നഥാൻ കൂപ്പറിന് പകരമായിരുന്നു ആ നിയമനം. 2022-ൽ അധികാരമേറ്റതു മുതൽ ആരോഗ്യ സംരക്ഷണ രംഗത്ത് കാര്യമായ മാറ്റങ്ങൾക്ക് സ്മിത്ത് ശ്രമങ്ങൾ തുടങ്ങിയിരുന്നു. പ്രാഥമിക പരിചരണ വിഭാഗത്തിലായിരുന്നു സ്മിത്ത കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിൻ്റെ ഭാഗമായാണ് ആൽബർട്ട ഹെത്ത് കെയറിൽ അടക്കം മാറ്റങ്ങൾക്ക് തുടക്കമിട്ടത്.