കാനഡ പോസ്റ്റ് ജീവനക്കാർ മെയ് 23 ന് പണിമുടക്കും

By: 600110 On: May 20, 2025, 1:09 PM

 

കാനഡ പോസ്റ്റ് ജീവനക്കാർ മെയ് 23 ന് പണിമുടക്കും.  വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 12 മണി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് കാനഡ പോസ്റ്റ് ജീവനക്കാർ നോട്ടീസ് നൽകി. അതുവരെ പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. പണിമുടക്ക് ദശലക്ഷക്കണക്കിന് കനേഡിയക്കാരെയും തപാൽ സേവനത്തെ ആശ്രയിക്കുന്ന ബിസിനസുകളെയും ബാധിക്കുമെന്ന് കാനഡ പോസ്റ്റ് മുന്നറിയിപ്പ് നൽകി. 

പണിമുടക്കിനെ തുടർന്ന് തൊഴിൽ തടസ്സം ഉണ്ടായാൽ, തപാലുകൾ പാഴ്‌സലുകൾ എന്നിവ വിതരണം ചെയ്യാൻ സാധിക്കില്ല. തടസ്സം അവസാനിക്കുന്നതുവരെ പുതിയ ഇനങ്ങൾ സ്വീകരിക്കുകയുമില്ല. എന്നാൽ ഇതിനകം തന്നെ അയച്ചു കഴിഞ്ഞവയെല്ലാം പ്രവർത്തനങ്ങൾ പുനരാരംഭിച്ച ശേഷം സുരക്ഷിതമായി വിതരണം ചെയ്യുമെന്നും കാനഡ പോസ്റ്റ് അറിയിച്ചു. ആറ് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് പണിമുടക്കിനെ തുടർന്ന് തപാൽ സേവനം തടസപ്പെടാൻ പോകുന്നത്.
നവംബർ, ഡിസംബർ മാസങ്ങളിലായി 55,000 ജീവനക്കാർ 32 ദിവസത്തേക്ക് ജോലിയിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് കാനഡ പോസ്റ്റ് സേവനം സ്തംഭിച്ചിരുന്നു.  ചെറുകിട വ്യവസായങ്ങൾക്ക് 1.6 ബില്യൻ ഡോളറിൻ്റെ നഷ്ടമാണ് നവംബറിലെ പണിമുടക്കിനെ തുടർന്ന് ഉണ്ടായത്.